മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വളരെ മുന്‍പേ പ്രഖ്യാപിച്ച റിലീസ് തീയതിയാണ് ചിത്രത്തിന്‍റേത്. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. അതേസമയം രണ്ടാഴ്ച മുന്‍പുവരെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ ദിവസേന പുറത്തിറക്കിയിരുന്നെങ്കില്‍ അതിന് ശേഷം അപ്ഡേഷനുകളൊന്നും എത്തിയിട്ടില്ല. ചിത്രം റിലീസ് മാറ്റുന്നതിന്‍റെ സൂചനയാണോ ഇതെന്ന വലിയ ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
എമ്പുരാന്‍റെ ആദ്യ ഭാഗം ആയിരുന്ന ലൂസിഫര്‍ റീ റിലീസിനെക്കുറിച്ചാണ് അത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലും എമ്പുരാന്‍റെ വരവിനോടനുബന്ധിച്ച് ലൂസിഫറിന് റീ റിലീസ് ഉണ്ട്. ചിത്രത്തിന്‍റെ യുകെ, യൂറോപ്പ് വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് ലൂസിഫര്‍ റീ റിലീസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പോസ്റ്ററില്‍ റീ റിലീസ് തീയതി ഇല്ല എന്നത് ആരാധകരില്‍ എമ്പുരാന്‍ റിലീസ് തീയതിയെക്കുറിച്ചും സംശയം ഉണര്‍ത്തുന്നുണ്ട്.
അതേസമയം സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന മോഹന്‍ലാല്‍ എമ്പുരാന്‍ റിലീസ് വരെ ചിത്രത്തിന് പ്രോമോഷനുവേണ്ടി മാറ്റിവച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രാജമൗലി ചിത്രത്തിന്‍റെ ഒഡിഷ ഷെഡ്യൂളില്‍ പങ്കെടുക്കുകയായിരുന്ന പൃഥ്വിരാജ് അതിന് ബ്രേക്ക് കൊടുത്ത് എമ്പുരാന്‍ പ്രൊമോഷനുവേണ്ടി എത്തുമെന്നും. വരും ദിനങ്ങളില്‍ റിലീസ് ദിനത്തെ സംബന്ധിച്ച ക്ലാരിറ്റി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.