‘തിരഞ്ഞെടുപ്പുകളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്, സിനിമയെ സീരിയസ് ആയി കാണുന്നത് ഇപ്പോള്‍’; ഹേമന്ദ് മേനോന്‍ അഭിമുഖം

‘ഓരോ താരങ്ങളുടെ മൂല്യം നിർണയിക്കുന്നത് താരങ്ങൾ തന്നെയാണ്. ഒരു വില പറയുമ്പോൾ അയാൾക്ക് ആത്മവിശ്വസം ഉണ്ടാകും അതിനുള്ള ബിസിനസ് കൊണ്ടുവരാൻ കഴിയുമെന്ന്. നയൻ‌താര വാങ്ങുന്ന പ്രതിഫലമല്ല ഞാൻ വാങ്ങുന്നത്. അത് ജെൻഡർ വ്യത്യസം കൊണ്ടല്ല. മാർക്കറ്റ് വാല്യു കൊണ്ടാണ്. ആ മൂല്യം നമുക്കില്ലെങ്കിൽ, പ്രൊഡ്യൂസർക്ക് പറഞ്ഞു കൺവീൻസ് ചെയ്യാൻ സാധിക്കുകയാണെങ്കിൽ അവിടെ കോംപ്രമൈസ് സാധ്യമാകും.’ -ശരത് ചന്ദ്രൻ ആർ ജെ സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഹേമന്ത് മേനോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

‘ഔസേപ്പിന്‍റെ ഒസ്യത്തി’ലൂടെ  തിരിച്ചുവരവ് 

കഴിഞ്ഞ പതിനാലു വർഷമായി സിനിമയിലുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും പ്രേക്ഷകർ കാണുന്ന സിനിമകളുടെ ഭാഗമാവാൻ സാധിച്ചില്ല. ഇപ്പോഴാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങുന്നത്. വലിയ സിനിമയുടെ ചെറിയ ഭാഗമായി വന്നാലും അത് പ്രേക്ഷകർ കാണും. നായക പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ചു. പക്ഷേ അത് ഒരുപാട് പേരിലേക്ക് എത്തിയില്ല. ഔസേപ്പിന്റെ ഒസ്യത്തിൽ ഔസേപ്പിന്റെ മൂന്നു മക്കളിൽ മൂന്നാമനായ റോയ് എന്ന വേഷം ചെയ്യാൻ സാധിച്ചു. കുട്ടേട്ടനൊപ്പവും (വിജയ രാഘവൻ ) ദിലീഷേട്ടനും ഷാജോൺ ചേട്ടനുമൊപ്പമെല്ലാം അഭിനയിക്കാൻ കഴിഞ്ഞു. സിനിമയെ കുറിച്ചും റോയ് എന്ന എന്റെ കഥാപാത്രത്തെ കുറിച്ചും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

‘റോയ്’ എനിക്കത്ര പരിചയമില്ലാത്തയാൾ 

എന്റെ ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത ഒരാളാണ് റോയ്. ഇടുക്കിക്കാരനായ, ഒരു പാവം ചെറുപ്പക്കാരനാണ് റോയ്. ഭാര്യ ഇടുക്കിക്കാരി ആയതുകൊണ്ട് സ്ലാങ് പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ലുക്ക് ആണെങ്കിലും മുണ്ടും ഷർട്ടുമെല്ലാം ധരിച്ചു നടക്കുന്ന ടിപ്പിക്കൽ ഇടുക്കിക്കാരൻ. 

‘റോയ് മാത്യു’വിൽ നിന്ന് ദൂരെയാണ് ‘റോയ്’

എന്റെ രണ്ടാമത്തെ സിനിമ ഡോ. ലവിൽ കഥാപാത്രത്തിന്റെ പേരായിരുന്നു റോയ് മാത്യു. എന്നെ കൂടുതൽ മലയാളികൾക്കും അറിയുന്നത് റോയ് മാത്യുവായാണ്. ഇതിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ ഇത് നല്ലതായിരിക്കുമെന്ന് തോന്നിയിരുന്നു. കഥാപാത്രത്തിന്റെ പേര് റോയ് ആണെന്ന് അറിഞ്ഞപ്പോഴേ സുഹൃത്തുക്കൾ പറഞ്ഞു പഴയ റോയ് നിനക്ക് അഡ്രസ്സ് തന്നെങ്കിൽ ഈ റോയ് നിനക്ക് ബ്രേക്ക് നല്‍കുന്നതാവുമെന്ന്. അതുപോലെയായിയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. 

പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് 

സിനിമയെ ഗൗരവമായി കാണാത്തത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. സിനിമ എന്തെന്ന് പോലും അറിയാത്ത സമയത്താണ് സിനിമയിൽ എത്തിപ്പെടുന്നത്. ഫാസിലിന്‍റെ സംവിധാനത്തിൽ ആദ്യ സിനിമ സംഭവിക്കുന്നു. രണ്ടാമത്തെ ഡോ. ലൗ ആണെങ്കിലും ഞങ്ങൾ എല്ലാവരും സമപ്രായക്കാർ. അകെ ചാക്കോച്ചൻ മാത്രമുണ്ട് സീനിയർ. ബിജു ചേട്ടൻ എന്ത് പറഞ്ഞു തരുന്നു, അത് ക്യാമറയ്ക്ക് മുന്നിൽ ചെയ്യുക മാത്രമാണ് ചെയ്തത്. ചട്ടക്കാരിയിൽ അഭിനയിക്കുമ്പോൾ പഴയ ചട്ടക്കാരി കാണാൻ പോലും ശ്രമിച്ചിട്ടില്ല. പലപ്പോഴും പ്രതിഫലത്തിന് വേണ്ടി സിനിമകൾ തിരഞ്ഞെടുത്തു. എന്റെ ഭാഗത്ത് വന്ന തെറ്റുകളാണ് അവയെല്ലാം. ഒരു ആര്‍ട്ടിസ്റ്റിന് അവരുടെ ഏതൊരു സിനിമയിലും ടെൻഷനൊക്കെ  വേണം. എങ്കിലേ ആ  കഥാപാത്രത്തിനെ മുഴുവനായി ഉൾക്കൊണ്ടുകൊണ്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ മുന്ന് വർഷമമായി ഞാൻ സിനിമയെ സമീപിക്കുന്നത് അങ്ങനെയാണ്. 

ചാക്കോച്ചന്‍റെ റേഞ്ച് മാറി 

മാതൃകാപരമായി കാണുന്ന ഒരു ആക്ടറാണ് ചക്കോച്ചൻ. ചോക്ലേറ്റ് ഹീറോ വേഷങ്ങളെ ബ്രേക്ക് ചെയ്തു അയാളിപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾ കൈയ്യടി അർഹിക്കുന്നതാണ്. ‘ന്നാ താൻ കേസ് കൊട്’ ഇപ്പോൾ ‘ഓഫീസർ  ഓൺ ഡ്യൂട്ടി’ അങ്ങനെ ഈ അടുത്ത്  ഇറങ്ങിയ മിക്ക സിനിമയിലും അദ്ദേഹം നമ്മളെ ഞെട്ടിക്കുകയാണ്. ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ചിലേക്ക് അദ്ദേഹം ഉയർന്നു. എനിക്കും ചോക്ലേറ്റ്, റൊമാൻസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി റോ കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യം.

ALSO READ : ‘എസ് ഐ ഫെലിക്സ് ലോപ്പസ്’ ആയി അനൂപ് മേനോന്‍; ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ഈ തനിനിറം തുടങ്ങി

By admin