കണ്ണുനനയിച്ച പുലിമുരുകന്‍; കൂടെ അപരിചിതയായ ഒരമ്മ, ഒരു കുഞ്ഞ്!

കണ്ണുനനയിച്ച പുലിമുരുകന്‍; കൂടെ അപരിചിതയായ ഒരമ്മ, ഒരു കുഞ്ഞ്!

‘ഞാന്‍ അമ്മയെ അങ്ങോട്ടു ആക്കാം.’ അമ്മ ചിരിച്ചു. എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടാരുന്നു. ഒന്നും വരുന്നില്ല.

 

 

കണ്ണുനനയിച്ച പുലിമുരുകന്‍; കൂടെ അപരിചിതയായ ഒരമ്മ, ഒരു കുഞ്ഞ്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് ഇത് നടക്കുന്നത്. 

ഒരു ദിവസം  ലൈബ്രറിയില്‍ പോകാനും കുറച്ച് പുസ്തകങ്ങള്‍ വാങ്ങാനുമായി  രാവിലെ ഇറങ്ങി. ബസ്സില്‍ കയറിയപ്പോള്‍ ഭാഗ്യത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. അവിടെ ഒരു അമ്മയും മടിയില്‍ ഒരു നാലഞ്ച് വയസ്സു പ്രായമുള്ള കുഞ്ഞും ഉണ്ട്.  ഞാന്‍ ഒന്ന് ചിരിച്ചു. ടിക്കറ്റ് ഒക്കെ എടുത്തിട്ട് ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു..

‘മോളെ, ഇവിടുത്തെ തിയറ്റര്‍ ഒക്കെ മോള്‍ക്ക് അറിയാമോ?’

എന്നെ ആക്കിയ പോലൊരു ചോദ്യം. ഏതു നാട്ടില്‍ പോയാലും നമ്മള്‍ ആദ്യം കണ്ട് പിടിക്കുന്നത് അവിടുത്തെ ഏറ്റവും നല്ല ഫുഡ് കിട്ടുന്ന സ്ഥലവും പിന്നെ തിയറ്ററും ആണല്ലോ. 

അറിയാമെന്ന് ഞാന്‍ പറഞ്ഞു. ഒപ്പം, ഞാന്‍ ഒരു സിനിമ പ്രാന്തി ആണെന്ന് കൂടി കൂട്ടിചേര്‍ത്തു. (അല്ലേലും പൊങ്ങച്ചം പറയാന്‍ പറ്റുന്ന ഒരവസരവും നമ്മള്‍ കളയൂല്ല).

വീണ്ടും ചോദ്യം വന്നു.

‘മോള് അങ്ങോട്ടു വല്ലോം പോകുവാണോ?’

‘ഏയ് അല്ല… ഞാന്‍ ലൈബ്രറിയില്‍ പോകുവാ’.

‘മോളെ, സ്റ്റാന്‍ഡില്‍ ഇറങ്ങി കുറെ ദൂരം നടക്കാന്‍ ഉണ്ടോ അവിടേക്ക്?’ 

‘ഹേയ് ഇല്ല…, ഓട്ടോക്കാരോട് പറഞ്ഞാ മതി. അവര്‍ കൊണ്ടാക്കും’

‘ഏത് സിനിമ കാണാന്‍ ആണ്?’

‘പുലിമുരുകന്‍.., നമ്മടെ മോഹന്‍ലാലിന്‍റെ..’ ആ അമ്മ കൂട്ടിച്ചേര്‍ത്തു.

‘ആഹാ…’-എനിക്കൊരു ആകാംക്ഷ.

‘അമ്മ എന്താ ഒറ്റയ്ക്ക്? വീട്ടില്‍ വേറെ ആരും ഇല്ലെ?’

‘ഞാന്‍ ഒറ്റയ്ക്കല്ലല്ലോ എന്‍റെ കുഞ്ഞില്ലേ?’

ചോദ്യം ഇഷ്ടമായില്ല എന്ന് മനസ്സിലായി.

കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഞാന്‍ പറഞ്ഞു. ‘എനിക്ക് മമ്മൂക്കായെ ആണ് ഇഷ്ടം. ഞാന്‍ തോപ്പില്‍ ജോപ്പന്‍ പോയി കണ്ടു. പുലിമുരുകന്‍ കണ്ടില്ല.’

പിന്നെ മോള് സിനിമാ പ്രാന്തി ആണെന്ന് പറഞ്ഞതോ? അപ്പോ നല്ല സിനിമ എല്ലാം കാണണ്ടെ? പുലിമുരുകന്‍ നല്ല സിനിമ അല്ലെ?’

‘അയ്യോ, നല്ല സിനിമ ഒക്കെ ആണ്. പിന്നെ, സമയം കിട്ടിയില്ല. പോയി കാണണം’ 

‘എനിക്കും മമ്മൂട്ടിയെ ആരുന്നു ഇഷ്ടം. മമ്മൂട്ടി, സുഹാസിനി. പണ്ട് മമ്മൂട്ടി പ്ലെയിന്‍ ഓടിക്കുന്ന പടം, സുഹാസിനി അതില്‍ മരിച്ച് പോകുന്ന… ഇല്ലെ, അതൊക്കെ ചേട്ടന്‍ എന്നെ തിയേറ്ററില്‍ കൊണ്ട് പോയി കാണിച്ചിട്ടുണ്ട്. ചേട്ടന്‍ മരിച്ചേ പിന്നെ ആരും ഇല്ല. ഒരു മോളുണ്ടാരുന്നു എനിക്ക്. സ്‌നേഹിച്ച് കെട്ടി. ഞാന്‍ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. ഒന്നല്ലേ ഒള്ളൂ. പോകുവാ എന്നും പറഞ്ഞ് പോയി. അവനില്ലാതെ പറ്റില്ലാത്രെ. ഞാന്‍ ഒന്നും ചെയ്യാനും പോയില്ല. പിന്നെ അവള്‍ വന്നത് കരഞ്ഞ് തളര്‍ന്ന കണ്ണും നിറവയറുമായാ. ക്ഷീണിച്ച് മെലിഞ്ഞ് ഒണങ്ങി. ഞാന്‍ ഒന്നും ചോദിച്ചില്ല.  അവളൊന്നും പറഞ്ഞതുമില്ല.  അവസാനം ആശുപത്രിക്കാര് രണ്ടു പേരെയും വെള്ള തുണിയില്‍ പൊതിഞ്ഞ് തന്നു. ഒന്ന് ജീവനോടെയും ഒന്ന് ജീവനില്ലാതെയും. ഞാന്‍ കരഞ്ഞില്ല മോളെ.’

ഇത്രയും പറഞ്ഞ് ആ അമ്മ ചിരിച്ചു. പക്ഷേ ആ കണ്ണ് നിറഞ്ഞൊഴുകിയത് ഞാന്‍ കണ്ടു.

എന്‍റെ കണ്ണും നിറഞ്ഞിരിക്കുന്നു. എന്തായിത്! 

‘LMS.. LMS…’ കണ്ടക്ടര്‍ വിളിച്ചു കൂവുന്നു. എനിക്ക് ഇറങ്ങണ്ട സ്റ്റോപ് ആയി. എനിക്കറിയില്ല. ഞാന്‍ ഇറങ്ങിയില്ല. ഞാന്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്തു.

‘ഞാന്‍ അമ്മയെ അങ്ങോട്ടു ആക്കാം.’ അമ്മ ചിരിച്ചു. എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടാരുന്നു. ഒന്നും വരുന്നില്ല.

അമ്മ തന്നെ പറഞ്ഞ് തുടങ്ങി. ‘അവിടെ ഒരു നഴ്‌സറി ഉണ്ട്. അവിടെ കൊണ്ടാക്കും ഞാന്‍ ജോലിക്ക് പോണ സമയത്ത്. അവിടുന്ന് കേട്ട് വന്നങ്ങ് ബഹളാ… പുലിമുരുകന്‍, പുലിമുരുകന്‍ എന്ന്. കുട്ടികള് കാട്ടിക്കൊടുത്ത എന്തൊക്കെയോ കാണിക്കുന്നതും കാണാം. അതാ കൊണ്ട് പോയി ഒന്ന് കാണിക്കാം എന്ന് വിചാരിച്ചെ.  വീടിന്‍റെ അടുത്തൊക്കെ ഒണ്ട്. പക്ഷേ ഒറ്റയ്ക്ക് പോയാ ആള്‍ക്കാര് അതും ഇതുമൊക്കെ പറയും. അതാ ഇങ്ങോട്ട് വന്നെ.’

വണ്ടി സ്റ്റാന്‍ഡ് എത്തി.

‘ഇവിടെ രണ്ട് മൂന്നിടത്ത് ഉണ്ട് ആ സിനിമ. എവിടെ പോണം.’

‘കുഴപ്പം ഒന്നും ഇല്ലാതിരുന്ന് കാണാവുന്ന സ്ഥലം മതി മോളെ. പിന്നെ ഒരുപാട് പൈസയും ആകാത്ത സ്ഥലം.’ 

‘അമ്മ വാ…’

ഞങ്ങള്‍ നേരെ നടന്ന് ഏരീസ് പ്ലെക്‌സ് തിയറ്ററില്‍ പോയി.

‘അമ്മ ഇവിടെ നില്‍ക്ക്.. ഞാന്‍ ചോദിച്ചു വരാം’

‘ചേട്ടാ പുലിമുരുകന്‍ എത്രയാ ടിക്കറ്റ് ചാര്‍ജ്ജ്’

‘203, മാഡം’

‘ഹൂ… അത്രയും പൈസയ്ക്ക് എടുക്കൂല്ലായിരിക്കും.’ – ഞാന്‍ ഒന്ന് ആലോചിച്ചു.

‘ചേട്ടാ, രണ്ട് ടിക്കറ്റ്.’-ഞാന്‍ പേഴ്‌സില്‍ നിന്ന് പൈസ എടുത്തു കൊടുത്തു.’

ഞാന്‍ കൂടെ വരാം അമ്മയുടെ കൂടെ. നമുക്ക് ഒരുമിച്ച് കാണാം.’

‘വല്ലിയ സന്തോഷം മോളെ. എത്രയായി…? ‘അമ്മ പേഴ്‌സ് തുറന്നു. പൈസ എടുത്തു…

‘വേണ്ടമ്മെ. ഇത് ഞാന്‍ കൊണ്ട് പോയി കാണിക്കുന്നതല്ലെ. അതമ്മ  അകത്ത് വച്ചേക്ക്.’

‘അയ്യോ അത് പറ്റില്ല. പഠിക്കാന്‍ പോണ കുട്ടി അല്ലെ, വേണ്ട മോളെ..’

ഞാന്‍ വാങ്ങില്ല എന്നു തന്നെ ഉറച്ച് നിന്നു.

‘അമ്മ വാ.. ഇപ്പോ തുടങ്ങും.’

സിനിമ തുടങ്ങിയപ്പോള്‍ അത്രയും നേരം അമ്മയുടെ മടിയില്‍ ഇരുന്ന ആളേ അല്ല. പാട്ട് കേട്ട ഉടന്‍ കയ്യടിച്ച്. ആ സിനിമയില്‍ ഉടനീളം അവന്‍റെ മുഖത്ത് മാറി മറഞ്ഞ ഭാവങ്ങളില്‍ തന്നെ ഉണ്ടായിരുന്നു ആ സിനിമ എന്താണെന്ന്.’

ഇടവേള സമയത്ത് പുറത്ത് കൊണ്ടുപോയി ഐസ്‌ക്രീം വാങ്ങി കൊടുത്തപ്പോള്‍ ഉണ്ണിക്കുട്ടന്‍ എന്നോട് കൂട്ടായി.

സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു മനസ്സില്‍. 

ആ അമ്മയുടെ മുഖത്തുമുണ്ടായിരുന്നു അത്. 

‘മക്കളെ നല്ല പടം ആരുന്നല്ലെ?’

‘അതെ..അതൊരു നല്ല പടം ആയിരുന്നു.’.

‘ഉച്ചയ്ക്ക് എങ്കിലും ലൈബ്രറിയില്‍ പോകണം. വാ നമുക്ക് ഭക്ഷണം കഴിക്കാം’ – ഞാന്‍ അമ്മയെ വിളിച്ചു…

‘വേണ്ട മോളെ… എല്ലാം ഉണ്ടാക്കി വച്ചിട്ടാ വന്നെ. അതു പിന്നെ ആരു കഴിക്കാന്‍ ആണ്.’

അടുത്ത് കണ്ട ബേക്കറിയില്‍ നിന്ന് ഒരോ ജ്യൂസ് കുടിച്ചു. അതും ഒരുപാട് നിര്‍ബന്ധിച്ചിട്ടാ ആ അമ്മ വന്നത്.  അവന് ബിസ്‌ക്കറ്റും ഒരു ചോക്ലേറ്റും.

‘തിരികെ സ്റ്റാന്‍ഡ് വരെ കൊണ്ടാക്കി. ഞാന്‍ ബസ് കയറ്റി വിടണോ?’

വേണ്ട മോളെ…അറിയാത്ത എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത് തന്നില്ലെ..മോളെ ദൈവം അനുഗ്രഹിക്കും.’

അപ്പൊഴാ ഞാന്‍ ഓര്‍ത്തത്. ‘അമ്മയുടെ പേരെന്താ?’

‘മോള് അമ്മേ എന്നല്ലെ വിളിച്ചത്. അത് മതി.’ ഒരു ചിരി ഉണ്ടാരുന്നു അമ്മയുടെ മുഖത്ത്. കണ്ണില്‍ നല്ല സന്തോഷവും.

അമ്മ അവനെയും എടുത്തു തോളില്‍ ഇട്ട് അകത്തേക്ക് കയറിപ്പോയി. അവന്‍ റ്റാറ്റ കാണിച്ചു. ഞാനും. 

പട്ടം-പാളയം ബസ് വന്നു. പെട്ടെന്ന് ഞാന്‍ അതിലേക്ക് കയറി.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

By admin