കടലാസ് കെട്ടുകള്‍ക്കിടയില്‍ നിന്നും നിധി..!! ഈ ഓഹരി നല്‍കിയത് വമ്പന്‍ നേട്ടം
ഒളിഞ്ഞിരുന്ന നിധിയെന്നൊക്കെ കേട്ടിട്ടില്ലേ..? വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ കടലാസ് കെട്ടുകള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു നിധി ലഭിച്ചിരിക്കുകയാണ് ചണ്ഡീഗഢ് സ്വദേശിയായ ഒരു വ്യക്തിക്ക്. 1987 ലും 1992 ലും വാങ്ങിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ പേപ്പര്‍ രൂപത്തിലുള്ള പഴയ ഓഹരികള്‍ കണ്ടെത്തിയപ്പോള്‍ ചണ്ഡീഗഡിലെ രത്തന്‍ ധില്ലണിനും നിധി കിട്ടിയ അവസ്ഥയാണ്. അന്ന് വെറും 10 രൂപ വിലയുണ്ടായിരുന്ന ഈ ഓഹരികളുടെ മൂല്യം ഇന്ന് 12 ലക്ഷത്തിലധികം രൂപയാണ്.
ധില്ലന്‍ തന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ പേപ്പറുകളില്‍ നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഈ ഓഹരികള്‍ അന്ന് വെറും 10 രൂപ രൂപ നിരക്കില്‍ 30 എണ്ണം ആണ് വാങ്ങിയത്. എന്നാല്‍ കാലക്രമേണ ബോണസുകളും ഓഹരി വിഭജനവും കാരണം, ഈ ഓഹരികളുടെ എണ്ണം ഇപ്പോള്‍ 960 ആണ്. ഇപ്പോഴത്തെ ഓഹരി വിപണി നിരക്ക് അനുസരിച്ച്, അവയുടെ വില 12 ലക്ഷത്തിലധികം രൂപയാണ്. ഈ വിവരം ഷെയര്‍ ഉടമ രത്തന്‍ ധില്ലണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ചത്. ധില്ലന്‍റെ പോസ്റ്റിന് മറുപടിയായി മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ആണ് മൂന്ന് ഓഹരി വിഭജനങ്ങളും രണ്ട് ബോണസ് ഓഹരികളും ഇത്രയും വര്‍ഷത്തിനുള്ളില്‍ ഇഷ്യൂ ചെയ്തതിനാല്‍, അദ്ദേഹത്തിന്‍റെ ഓഹരികള്‍ ഇപ്പോള്‍ 960 ആയി എന്ന് കണ്ടെത്തിയത്. ഈ ഓഹരികള്‍ പേപ്പര്‍ രൂപത്തില്‍ തുടരുകയും അവ ക്ലെയിം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവ സര്‍ക്കാരിന്‍റെ ഐഇപിഎഫ് ഫണ്ടിലേക്ക് മാറ്റപ്പെടുമായിരുന്നു.. നിക്ഷേപക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അതോറിറ്റിയാണ് ഐഇപിഎഫ് . ക്ലെയിം ചെയ്യാത്ത ഷെയറുകള്‍ ഈ അതോറിറ്റിയിലേക്ക് പോയാല്‍ തിരിച്ചുലഭിക്കുന്നതിന് വലിയ നടപടിക്രമങ്ങളുണ്ട.
ധില്ലന്‍റെ പോസ്റ്റ് വൈറലായതോടെ, ബ്രോക്കറേജ് കമ്പനിയായ സെറോദയും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ധില്ലന്‍റെ ഓഹരികള്‍ പരിശോധിച്ചുറപ്പിക്കാനും അവ തിരികെ ലഭിക്കാനും സെറോദ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തില്‍, ധില്ലന്‍റെ ഓഹരികള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും.