3 പടങ്ങള്‍, 3300 കോടി കളക്ഷന്‍! ഇന്ത്യന്‍ സിനിമയിലെ ‘ലക്കിയസ്റ്റ് സ്റ്റാര്‍’ ആ താരം

സമീപകാല സിനിമകള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് ഏതൊരു അഭിനേതാവിനും പുതുതായി നല്ല അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. നല്ല അഭിനേതാവ് ആണെങ്കിലും പരാജയങ്ങള്‍ നേരിട്ടാല്‍ പിന്നീട് ലഭിക്കുന്ന ചിത്രങ്ങളും വലിയ പ്രതീക്ഷ നല്‍കാത്തവയായിരിക്കും. ഇന്ത്യന്‍ സിനിമയിലെ നായികാ താരങ്ങളില്‍ നിലവിലെ ലക്കി സ്റ്റാര്‍ ഏറ്റവും വലിയ വ്യവസായമായ ബോളിവുഡില്‍ നിന്നല്ല, മറിച്ച് തെന്നിന്ത്യയില്‍ നിന്നാണ്. 

മറ്റാരുമല്ല, രശ്മിക മന്ദാനയാണ് ആ വിശേഷണത്തിന് അര്‍ഹ. നടന്‍ ആയാലും നടി ആയാലും ഏത് താരവും സ്വപ്നം കാണുന്ന വിജയ യാത്രയിലാണ് രശ്മിക കരിയറില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തെളിച്ച് പറഞ്ഞാല്‍ രശ്മിക നായികയായി എത്തിയ അവസാനത്തെ മൂന്ന് ചിത്രങ്ങളുടെ ആഗോള കളക്ഷന്‍ ചേര്‍ത്തു വച്ചാല്‍ അത് 3300 കോടി വരും! അതെ, ഇന്ത്യയില്‍ ബഹുഭൂരിപക്ഷം നായക താരങ്ങള്‍ക്കുപോലും സ്വപ്നം കാണാനാവാത്ത നേട്ടമാണ് ഈ നായികാ താരം നേടിയിരിക്കുന്നത്.

രണ്ട് ഹിന്ദി ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ഒരു തെലുങ്ക് ചിത്രവുമാണ് രശ്മികയുടേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. ഹിന്ദി ചിത്രങ്ങളായ അനിമല്‍, ഛാവ, ഉത്തരേന്ത്യയില്‍ വന്‍ ബോക്സ് ഓഫീസ് പടയോട്ടം തന്നെ നടത്തിയ പുഷ്പ 2 എന്നിവയാണ് ആ ചിത്രങ്ങള്‍. ഹിന്ദി കളക്ഷന്‍ എടുത്താല്‍ ഈ മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത് 1850 കോടിയാണ്. അങ്ങനെ സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ താരമായും രശ്മിക മാറുന്നു. 

തുടര്‍ച്ചയായി വലിയ വിജയങ്ങളുടെ ഭാഗമാവുന്ന താരം എന്ന നിലയില്‍ രശ്മികയുടേതായി വരാനിരിക്കുന്ന പ്രോജക്റ്റുകളും ശ്രദ്ധേയമാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന സിക്കന്തര്‍, മഡ്ഡോക്കിന്‍റെ ഹൊറര്‍ കോമഡി തമ, പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം കുബേര എന്നിവയാണ് അവരുടെ അപ്കമിംഗ് ലൈനപ്പുകള്‍. 

ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; ‘ദാസേട്ടന്‍റെ സൈക്കിൾ’ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin