ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരന് ദാരുണാന്ത്യം. മെഹ്‍ദിപട്ടണത്തിനടുത്തുള്ള സന്തോഷ് നഗർ കോളനിയിലെ അപ്പാർട്ട്മെന്‍റിന്‍റെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. ഗ്രില്ലുകളുള്ള ലിഫ്റ്റിനരികെ കളിക്കവേ കുടുങ്ങിപ്പോയതാണെന്നാണ് പൊലീസ് പറയുന്നത്.
ആറ് മാസം മുൻപാണ് നേപ്പാൾ സ്വദേശികളായ ശ്യാം ബഹദൂറും കുടുംബവും ജോലിയന്വേഷിച്ച് ബെംഗളൂരുവിലെത്തിയത്. മെഹ്ദിപട്ടണത്തിനടുത്തുള്ള സന്തോഷ് നഗർ കോളനിയിലെ മുജ്തബ എന്ന അപ്പാർട്ട്മെന്‍റിൽ സെക്യൂരിറ്റി ഗാർഡായി ജോലി കിട്ടിയ ശ്യാം ബഹദൂർ ഫ്ലാറ്റിന് താഴെയുള്ള ചെറിയ മുറിയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് അപകടമുണ്ടായത്. നാലരവയസ്സുകാരൻ സുരേന്ദർ ഫ്ലാറ്റിന് താഴെ ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്നു. അമ്മയും അച്ഛനും മുറിക്ക് അകത്തേക്ക് പോയ സമയത്ത് കുട്ടി ലിഫ്റ്റ് തുറന്ന് അകത്ത് കയറാൻ നോക്കി. ഇതിനിടെ ലിഫ്റ്റിന്‍റെ വാതിലടഞ്ഞ് കുഞ്ഞ് ഇതിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കുട്ടിയെ കാണാതെ വന്ന ശ്യാം ബഹദൂറും ഭാര്യയും ലിഫ്റ്റിനടുത്ത് എത്തി നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ട് നൽകിയിട്ടുണ്ട്. സുരക്ഷയില്ലാതെയാണോ ലിഫ്റ്റ് നിർമിച്ചത് എന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.