രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: നിയമസഭയിൽ വ്യവസായ മന്ത്രി പി രാജീവ് ഉയർത്തിയ സീനിയർ, ജൂനിയർ പ്രയോഗം വിടാതെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. കുട്ടികളെക്കാൾ ധാരണയില്ലാത്ത രീതിയിലാണ്‌ രാഹുൽ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്ന് പി. രാജീവ്‌ ഇന്നലെ നിയമസഭയിൽ പരിഹസിച്ചിരുന്നു. സഭയിൽ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന്‌ അവസരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ്‌ രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും ധനാഭ്യർഥന ചർച്ചയിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ് ഉമ്മൻ ചാണ്ടിയുടെ നിയമ സഭയിലെ പെരുമാറ്റം ചൂണ്ടിക്കാട്ടി രാഹുൽ മറുപടി പറഞ്ഞത്. ‘വല്ലാതെ സീനിയർ ആണെന്ന് തോന്നി, അതിന്റെ അഹങ്കാരം തലക്ക് പിടിക്കുമ്പോൾ ആ തലക്കനം ഒന്ന് കുറയ്ക്കാൻ ഈ മനുഷ്യനെ ഒന്ന് ഓർക്കുന്നത് നല്ലതാണ്, പേര് ശ്രീ ഉമ്മൻ ചാണ്ടി… ഉമ്മൻ ചാണ്ടി സാർ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ ചുമതല ഏറ്റെടുക്കുമ്പോൾ, അദ്ദേഹം പുതുപ്പള്ളി എം.എൽ.എ ആയിട്ട് 11 തവണയും വർഷവും പൂർത്തീകരിച്ചിരുന്നു…
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന 12 ആം നിയമസഭയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരോട് ചോദിച്ചാൽ പറഞ്ഞ് തരും, മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ചോദ്യത്തിനായി വഴങ്ങുമോ എന്ന് ചോദിക്കുന്ന എല്ലാ എം.എൽ.എമാർക്കും (അത് ഒന്നാം തവണക്കാരായാലും ഒൻപതാം തവണക്കാരായാലും) ചെറുചിരിയോടെ വഴങ്ങിക്കൊടുക്കുന്ന ഒരു മുഖ്യമന്ത്രിയെ….
ഉമ്മൻ ചാണ്ടി സാർ’ -എന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിസിനസ് സെൻട്രികായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം എത്രാമതാണ് എന്ന രാഹുല്‍ മാങ്കൂട്ടത്തിലി​​ന്റെ ആവർത്തിച്ചുള്ള ചോദ്യമാണ് ഇന്നലെ മന്ത്രി പി. രാജീവിനെ പ്രകോപിപ്പിച്ചത്. ഒന്നാംസ്ഥാനമെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളിൽ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങൾ ഉണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാൻ ശ്രമിച്ച മന്ത്രി, രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത്‌ ചാനൽ ചർച്ചയല്ലെന്നും കുട്ടികളെക്കാൾ ധാരണയില്ലാത്ത രീതിയിലാണ്‌ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും പി രാജീവ്‌ പറഞ്ഞു. കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടം. അതുകൊണ്ടാണ് റാങ്കിങ്ങിൽ തർക്കവുമായി പ്രതിപക്ഷം വരുന്നത്. സഭയിൽ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന്‌ അവസരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ്‌ രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നിയമസഭയിൽ ജൂനിയർ, സീനിയർ എന്നൊന്നില്ലെന്നും 140അംഗങ്ങൾക്കും തുല്യപരിഗണനയാ​ണെന്നും പി.സി. വിഷ്ണുനാഥ് ഓർമിപ്പിച്ചു.
അതിനിടെ, ആവശ്യപ്പെടുന്ന ഉത്തരം കിട്ടണമെന്ന് പ്രതിപക്ഷം ശഠിക്കരുതെന്ന് സ്‌പീക്കർ എ എൻ ഷംസീറും പറഞ്ഞു. രാഹുൽ ആവശ്യപ്പെടുന്ന ഉത്തരം മന്ത്രി നൽകണമെന്ന് രാഹുൽ ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മന്ത്രി ഉത്തരം പറഞ്ഞ് കഴിഞ്ഞു. നിങ്ങൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പറയാമെന്നും കോൺഗ്രസ് അംഗത്തോട് സ്പീക്കർ ഷംസീർ വ്യക്തമാക്കി.
തുടർന്ന് ഇന്നലെ തന്നെ ​ഫേസ്ബുക്കിൽ പ്രതികരണവുമായി രാഹുൽ രംഗ​ത്തെത്തിയിരുന്നു. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങൾ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം ജോൺ, മാത്യു കുഴൽനാടൻ എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങൾ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോൾ ഞാൻ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭാ ആയാലും ചാനൽ ചർച്ചയായാലും ചായക്കട ചർച്ചയിലായാലും തരാൻ പറ്റണം’ -രാഹുൽ കുറിപ്പിൽ പറഞ്ഞു.
 

https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *