ബ്ലാസ്‌റ്റേഴ്‌സിന് നിറംമങ്ങിയ മറ്റൊരു സീസണ്‍ കൂടി! അവസാനിപ്പിച്ചത് എട്ടാം സ്ഥാനത്ത്
ഹൈദരാബാദ്: ആരാധകര്‍ക്ക് നിരാശ മാത്രം സമ്മാനിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണും അവസാനിപ്പിച്ചത്. ഹോം ഗ്രൗണ്ടിലെ തോല്‍വികളാണ് ബ്ലാസ്റ്റേഴ്‌സിന് ഇക്കുറി കനത്ത തിരിച്ചടിയായത്. കടങ്ങളൊന്നും വീട്ടാതെ, കലിപ്പൊന്നും അടക്കാതെ പതിവുപോലെ പതിനൊന്നാം സീസണിലും നിരാശ മാത്രം ബാക്കിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. തുടരെ മൂന്ന് സീസണില്‍ പ്ലേ ഓഫില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇക്കുറി എട്ടാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇവാന്‍ വുകോമനോവിച്ചിന് പകരമെത്തിയ കോച്ച് മികേല്‍ സ്റ്റാറേയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് തുടര്‍തോല്‍വികള്‍.
പാതിവഴിയില്‍ കോച്ച് സ്റ്റാറേയെയും കെപി രാഹുലും പ്രീതം കോട്ടാലും ഉള്‍പ്പടെ ഒരുപിടി താരങ്ങളെയും ഒഴിവാക്കിയെങ്കിലും താല്‍ക്കാലിക കോച്ച് ടി ജി പുരുഷോത്തമനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല. 24 മത്സരങ്ങളില്‍ എട്ട് ജയം മാത്രം. 11 തോല്‍വി അഞ്ച് സമനില. കൊച്ചിയില്‍ ഇറങ്ങിയ 12 മത്സരങ്ങളില്‍ അഞ്ചിലും തോറ്റത് പ്ലേ ഓഫിലേക്കുളള വഴികള്‍ അടച്ചു. ബാക്കി മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് സമനിലയും. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആകെ 33 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 37 ഗോള്‍. നായകന്‍ അഡ്രിയന്‍ ലുണയ്ക്ക് ഇക്കുറി ഒറ്റഗോള്‍പോലും നേടാനായില്ല എന്നത് മുതല്‍ തുടങ്ങുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ദൗര്‍ബല്യങ്ങള്‍.
പ്രതിരോധ – മധ്യനിരകള്‍ ദുരന്തമായി. ഗോളി സച്ചിന്‍ സുരേഷിനും മികവിന്റെ അടുത്തെങ്ങുമെത്താനായില്ല. ചോരത്തിളപ്പുള്ള താരങ്ങളെ ടീമിലെത്തിക്കണമെന്ന ആരാധകരുടെ മുറവിളികള്‍ക്ക് ചെവികൊടുക്കാന്‍പോലും തയ്യാറാവാതെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പരസ്യ പ്രതിഷേധങ്ങളും തുടര്‍തോല്‍വികളില്‍ മുങ്ങിപ്പോയി. സീസണില്‍ ആകെ ആശ്വസിക്കാനുള്ളത് ചരിത്രത്തില്‍ ആദ്യമായി ചെന്നൈയിന്‍ എഫ് സിയെ അവരുടെ മൈതാനത്ത് തോല്‍പിച്ചത് മാത്രം.