ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ട് യുവസൂപ്പര്‍ താരത്തെ 2 വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ

മുംബൈ: ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്കിനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ. മതിയായ കാരണങ്ങളില്ലാതെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്നാണ് ഐപിഎല്ലിലെ പുതിയ നിയമപ്രകാരം ബ്രൂക്കിനെ വിലക്കിയത്. ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ താരമാണ് ബ്രൂക്ക്. ബ്രൂക്കിനെ വിലക്കിയ കാര്യം ബിസിസിഐ ഔദ്യോഗികമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന്  അവസാന നിമിഷം പിന്‍മാറിയത്. താരലേലത്തിൽ 6.25 കോടി രൂപക്ക് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയശേഷമായിരുന്നു ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രൂക്കിന്‍റെ പിന്‍മാറ്റം. കഴിഞ്ഞ സീസൺ തുടങ്ങുന്നതിന് 10 ദിവസം മുൻപ് മുത്തശ്ശിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബ്രൂക്ക് പിന്മാറിയിരുന്നു.

‘സെലക്ടര്‍മാർ മാത്രമല്ല ഇപ്പോള്‍ അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’; ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

താരലേലത്തില്‍ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങള്‍ പരിക്കുമൂലമല്ലാതെ പിന്‍മാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകള്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അകാരണമായി പിന്‍മാറുന്ന താരങ്ങൾക്ക് രണ്ട് വര്‍ഷ വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

ജോസ് ബട്‌ലർക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം നായകനായി പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്‍റെ പ്രഥമ പരിഗണനയെന്നും ഡല്‍ഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ബ്രൂക്ക് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ട കാലഘട്ടമാണെന്നും ഭാവി പരമ്പരകള്‍ക്കായി തയാറെടുക്കുകയാണ് ലക്ഷ്യമെന്നും ബ്രൂക്ക് വ്യക്തമാക്കി. 2023 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ കളിച്ച ബ്രൂക്ക് 11 കളികളില്‍ ഒരു സെഞ്ചുറി അടക്കം 190 റണ്‍സ് മാത്രമാണ് നേടിയത്. ഹാരി ബ്രൂക്കിന്‍റെ പകരക്കാരന്‍ ആരാകുമെന്ന് ഡല്‍ഹി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ആരാകും ഡല്‍ഹിയെ നയിക്കുക എന്ന കാര്യവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin