ഇന്ന് ലോക വൃക്കദിനം; അറിയാം വൃക്ക രോഗ പരിശോധനകൾ

ഇന്ന് ലോക വൃക്കദിനം; അറിയാം വൃക്ക രോഗ പരിശോധനകൾ

Dr. Jose Thomas
Sr Consultant & Head – Nephrology
MBBS, MD(GENERAL MEDICINE), DM(NEPHROLOGY), Rajagiri Hospital Aluva.

ഇന്ന് ലോക വൃക്കദിനം; അറിയാം വൃക്ക രോഗ പരിശോധനകൾ

മാർച്ച് 13 ലോക വൃക്ക ദിനം. ‘നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ’ (Are your kidneys ok? Detect early, protect kidney health) എന്നതാണ് ഈ വർഷത്തെ വൃക്ക ദിനാചരണ സന്ദേശം. ഏറ്റവും കുറഞ്ഞ പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ് വൃക്കകളുടെ തകരാർ, ഒരിക്കൽ തകരാറിലായാൽ തിരികെ സാധാരണ നിലയിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവും. 

ജീവിതശൈലിയിലുള്ള മാറ്റമാണ് കേരളത്തില്‍ കിഡ്‌നിയെ ബാധിക്കുന്ന രോഗങ്ങള്‍ കൂടാന്‍ കാരണം. ദീര്‍ഘനാളായുള്ള അമിത രക്തസമ്മര്‍ദ്ധവും പ്രമേഹവും കിഡ്നിയുടെ ആരോഗ്യത്തെ നശിപ്പിക്കും. രോഗം നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ശാശ്വതമായ വൃക്ക രോഗത്തിലേക്ക് (CKD) എത്തുന്നത് തടയുകയും, ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ചെയ്യും. നേരത്തെ കണ്ടെത്തിയില്ലെങ്കിലോ, തെറ്റായ ചികിത്സ നല്‍കിയാലോ അത്  കിഡ്നിയുടെ ആരോഗ്യം പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഇടയാക്കുകയും (end-stage kidney disease ESKD) വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. 

കിഡ്‌നി രോഗം എങ്ങനെ നേരത്തെ കണ്ടെത്താം?

ദീര്‍ഘനാളായുള്ള പ്രമേഹം, ഉയര്‍ന്ന രക്തസമ്മദ്ദം, ഹൃദ്രോഗം, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് സി, കാന്‍സര്‍ ബാധിതര്‍, ആര്‍ത്രൈറ്റിസ്, സോറിയാസിസ് പോലെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഇടയ്ക്കിടെ കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ യൂറിന്‍ ഇന്‍ഫെക്ഷന്‍ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഒക്കെയും കൃത്യമായ ഇടവേളകളില്‍ കിഡ്‌നി പരിശോധന നടത്തുന്നത് ഉത്തമമാണ്.
കുടുംബത്തില്‍ കിഡ്നി രോഗികള്‍ ഉണ്ടെങ്കിലും, സിക്കിള്‍ സെല്‍ രോഗമോ രോഗലക്ഷണമോ ഉള്ളവര്‍, ചെറുപ്പത്തില്‍ വൃക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവര്‍ എന്നിവരും പരിശോധന നടത്തേണ്ടതാണ്.

വൃക്ക രോഗങ്ങള്‍ ശരീരത്തെ ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം:

മൂത്രത്തിലെ അല്‍ബുമിന്‍-ക്രിയാറ്റിനിന്‍ അനുപാതം (UACR) പരിശോധിക്കുകയാണ് ആദ്യം വേണ്ടത്, ഒപ്പം വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സീറം ക്രിയാറ്റിനിന്‍ & എസ്റ്റിമേറ്റഡ് ഗ്ലോമറുലാര്‍ ഫില്‍ട്രേഷന്‍ റേറ്റ് (eGFR) പരിശോധിക്കണം. ഇതോടൊപ്പം രോഗം വൃക്കയെ ബാധിച്ചിട്ടുണ്ടെങ്കില്‍ (ഉദാഹരണത്തിന് ഗ്ലോമറുലോനെഫ്രൈറ്റിസ്) രക്തത്തിന്റെ അംശം മൂത്രത്തില്‍ ഉള്ളതായി കാണപ്പെടും. 

കിഡ്‌നി രോഗ പാരമ്പര്യമോ, പൊളിസിസ്റ്റിക് വൃക്ക രോഗത്തിന്റെ സാധ്യതയോ ഉള്ളവര്‍  അള്‍ട്രാസൗണ്ട് പരിശോധന നടത്തേണ്ടതാണ്. ഇതിനുപുറമെ രോഗി അനുഭവിക്കുന്ന മറ്റ് അനുബന്ധ ലക്ഷണങ്ങള്‍ പരിഗണിച്ചു കൂടുതൽ പരിശോധനകളും ഡോക്ടര്‍ നിദ്ദേശിക്കാവുന്നതാണ്.
ദീര്‍ഘനാളായുള്ള പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ഇവയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ അടിസ്ഥാന രക്തപരിശോധനകളെങ്കിലും നടത്തിയിരിക്കണം. ഈ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നതിന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവ കൃത്യമായ അളവിൽ കഴിക്കുകയും വേണം. കുടുംബത്തില്‍ വൃക്കരോഗ പാരമ്പര്യം ഉള്ളവര്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വിശദമായ പരിശോധനകള്‍ നടത്തിയിരിക്കണം. അടിസ്ഥാന പരിശോധനകളില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം കാണപ്പെടുകയാണെങ്കില്‍ സ്വയ ചികിത്സ നടത്തി അപകടത്തിലാകാതെ ഒരു നല്ല വൃക്കരോഗ വിദഗ്ധനെ സമീപിച്ച് ശരിയായ ചികിത്സ തേടുക. ഏത് രോഗത്തെപോലെയും നേരത്തെ കണ്ടെത്തിയാല്‍ വൃക്കരോഗങ്ങളും ഭേദമാക്കാം.

(ആലുവ രാജഗിരി ആശുപത്രി വൃക്കരോഗ വിഭാഗം മേധാവി ഡോ ജോസ് തോമസ് ആണ് ലേഖകന്‍)

By admin