വിചിത്രം! രാത്രിയിറങ്ങി നടക്കുന്നത് ബാഗിൽ പെട്രോളും കത്തിയുമായി, ഓട്ടോ കണ്ടാൽ തീവെയ്ക്കും; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: നഗരത്തിലെ മൂന്നിടങ്ങളിലായി ഒരേ ദിവസം രണ്ട് ഓട്ടോറിക്ഷയും പച്ചക്കറിത്തട്ടും കത്തിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലയം ചെട്ടിമുക്ക് പുത്തൻവീട്ടിൽ രമേശ്(36) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. കുടപ്പനക്കുന്ന് ഇരപ്പുകുഴി കൃഷ്ണരാഗത്തിൽ ചന്ദ്രബാബു, പേരൂർക്കട ജയ്നഗർ-60 സരിതാ ഭവനിൽ സുധാകരൻ എന്നിവരുടെ ഓട്ടോറിക്ഷകളും കുടപ്പനക്കുന്ന് കൺകോർഡിയ സ്‌കൂളിന് സമീപം ഉഷസ് വീട്ടിൽ താമസിക്കുന്ന കൃഷ്ണമ്മ, സ്‌കൂളിനു മുന്നിൽ റോഡരികിൽ നടത്തിയിരുന്ന പച്ചക്കറി വിൽപ്പന തട്ടുമാണ് പ്രതി തീയിട്ടു നശിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കല്ലയത്തിന് സമീപത്തിൽ നിന്നും പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇയാൾ കഴിഞ്ഞമാസം ഒൻപതിന് കരകുളത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും നേരത്തേ നെടുമങ്ങാട് ഭാഗത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണെന്നും  പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ പ്രതി ബാഗിൽ പെട്രോളും കത്തിയുമായി രാത്രിയിറങ്ങി സഞ്ചരിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചന്ദ്രബാബുവിന്‍റെ ഓട്ടോയ്ക്കു തീപിടിച്ച സംഭവമറിഞ്ഞാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇവിടെനിന്നു തിരികെ പോകുമ്പോഴാണ് സ്‌കൂളിനു മുന്നിലെ പച്ചക്കറി തട്ട് നിന്നു കത്തുന്നതായി കണ്ടത്. ഉടൻ തന്നെ സ്ഥലത്തിറങ്ങി തീകെടുത്തി പൊലീസിൽ വിവരം നൽകി യാത്ര തുടർന്നു. പിന്നാലെയാണ് പേരൂർക്കട-വഴയില റോഡരികിൽ ഓട്ടോ കത്തുന്നതു കണ്ടതെന്നും തീ അണച്ച ശേഷം പൊലീസിനെ വിവരമറിയിച്ചാണ് സ്ഥലത്ത് നിന്നും മടങ്ങിയതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ കല്ലയത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്ക് മദ്യപിച്ച് കഴിഞ്ഞാൽ വാഹനങ്ങൾ കണ്ടാൽ നശിപ്പിക്കാൻ തോന്നുമെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതെന്നും പൊലീസ് പറയുന്നു.

ബെംഗളൂരു-എറണാകുളം കെഎസ്ആർടിസി, പൊലീസിനെ കണ്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ മലദ്വാരത്തിൽ എംഡിഎംഎ

By admin