80 % വെള്ളം; പമ്പില്‍ നിന്നും പെട്രോൾ അടിച്ച വണ്ടികളെല്ലാം പതിവഴിയില്‍ കിടന്നു, വീഡിയോ വൈറല്‍
പൂനെയിലെ ഒരു പെട്രോൾ പമ്പില്‍ നിന്നും പെട്രോൾ അടിച്ച് പുറത്തിറങ്ങിയ വണ്ടികളൊന്നും അധിക ദൂരം ഓടിയില്ല. എല്ലാം വഴിയില്‍ കിടന്നു. പരിശോധനയില്‍ കണ്ടെത്തിയത്, പമ്പില്‍ നിന്നും അടിച്ച പെട്രോളില്‍ 80 ശതമാനവും വെള്ളമായിരുന്നെന്ന്. പൂനെയിലെ പ്രദേശിക ചാനലായ സാം ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ധം നിറച്ച് പമ്പില്‍ നിന്നും പുറത്തേക്കിറങ്ങിയ വാഹനങ്ങൾ അവിടെ തന്നെ നിലച്ച് പോവുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പിംപ്രി – ചിഞ്ച്‌വാഡിലെ ഷാഹുനഗറിലെ ഒരു പെട്രോൾ പമ്പിലാണ് 80 ശതമാനം വെള്ളം കലർത്തിയ പെട്രോളിൽ വിതരണം ചെയ്തത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ ഭോസാലെ പെട്രോൾ പമ്പിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ പമ്പില്‍ നിന്നും ഇന്ധനം നിറച്ച എല്ലാ വാഹനങ്ങളും പാതിവഴിയില്‍ ഓട്ടം നിർത്തി. ഒന്നോ രണ്ടോ ലിറ്റർ മാത്രം ഇന്ധനം നിറച്ചവർക്കും എഞ്ചിൻ തകരാർ അനുഭവപ്പെട്ടു. സംശയം തോന്നിയ ചില ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ആളുകൾ പെട്രോൾ പമ്പിന് മുന്നിലേക്ക് ഇരുചക്രവാഹനങ്ങൾ കൊണ്ട് വന്ന് വാഹനങ്ങളില്‍ അടിച്ച പെട്രോൾ പമ്പിന് മുമ്പില്‍ മറിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അതേസമയം പമ്പുടമ ബോധപൂര്‍വ്വം ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതല്ലെന്നും മറിച്ച് ഭൂഗർഭ ഇന്ധന ടാങ്കുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാത്തതിനാല്‍ അവ തുരുമ്പെടുക്കുകയും ഇങ്ങനെയുള്ള തുരുമ്പിനിടയിലൂടെ ടാങ്കിനകത്തേക്ക് വെള്ളം കയറുകയും പെട്രോളുമായി കലരുകയും ചെയ്തതാകാമെന്നും അധികൃതർ പറയുന്നു. ഇത് അറിയാതെ പമ്പിലെ തൊഴിലാളികൾ വാഹനങ്ങൾക്ക് ഇന്ധം അടിക്കുകയായിരുന്നു. എന്നാൽ സംഭവം മനപൂര്‍വ്വമോ അതോ അപകടമോയെന്ന് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പമ്പുടമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വാഹന ഉടമകൾ രംഗത്തെത്തി.