വിദേശിയെയും കൂട്ടി നാട് കാണാനിറങ്ങി, നാണം കെട്ടുപോയി; യുവാവിന്റെ കുറിപ്പിന് പിന്നാലെ ചർച്ച
ഇന്ത്യയിലെ പല നഗരങ്ങളെയും കുറിച്ചുള്ള പരാതിയാണ് വൃത്തി പോരാ എന്നത്. മാലിന്യങ്ങൾ വലിച്ചെറിയുക, പാനും മറ്റും ചവച്ച് തുപ്പുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്ത്യക്കാരിൽ പലരും മുന്നും പിന്നും നോക്കാതെ ചെയ്യാറുണ്ട്. പലപ്പോഴും വിദേശത്ത് നിന്നും ഇന്ത്യ കാണാൻ എത്തുന്നവരിൽ ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
വളരെ സമ്പന്നമായ സാംസ്കാരിക പൈതൃകം നമുക്കുണ്ടെങ്കിൽ പോലും പല തെരുവുകളും ഇപ്പോഴും വൃത്തികേടായി കിടക്കുകയാണ്. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്.
തന്റെ ആദ്യത്തെ Couchsurfing ഗസ്റ്റുമായി നഗരസന്ദർശനത്തിന് പോയപ്പോഴുണ്ടായ അനുഭവമാണ് യുവാവ് പറയുന്നത്. വിനോദസഞ്ചാരികളേയും മറ്റും കുറച്ച് ദിവസത്തേക്ക് പേയിംഗ് ഗസ്റ്റായി താമസിപ്പിക്കുന്ന സൗകര്യമാണ് Couchsurfing. ആദ്യമായി തനിക്ക് കിട്ടിയ ഗസ്റ്റിനെയും കൊണ്ട് ദില്ലിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയി എന്നും ആ അനുഭവം തന്നെ വല്ലാതെ നാണം കെടുത്തി എന്നുമാണ് റെഡ്ഡിറ്റിലെ വിശദമായ കുറിപ്പിൽ പറയുന്നത്.
ചാന്ദ്‌നി ചൗക്ക്, ചെങ്കോട്ട, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിലൊക്കെയാണ് ഗസ്റ്റുമായി പോയത്. ആ യാത്ര ആസ്വദിക്കാനാവും എന്ന് കരുതി പോയതാണ്. എന്നാൽ, തനിക്ക് നാണക്കേട് തോന്നി എന്നാണ് യുവാവ് പറയുന്നത്. തെരുവിൽ വലിയ ജനക്കൂട്ടമായിരുന്നു. ശരിയായ രീതിയിൽ ഒന്നും മാനേജ് ചെയ്യാത്തതുകൊണ്ടാണ് ഇത്. എല്ലായിടത്തും മാലിന്യങ്ങളായിരുന്നു. പ്ലാസ്റ്റിക് ബാഗുകളും കവറുകളും എല്ലാം ചുറ്റുമുണ്ടായിരുന്നു എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
അതോടെ തന്റെ ഗസ്റ്റിന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അയാളുടെ തൊണ്ടയിൽ എന്തോ തടഞ്ഞത് പോലെയായിരുന്നു. അയാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് കുഴപ്പമില്ലായിരുന്നു, കാരണം എനിക്കത് ശീലമായിരുന്നത് കൊണ്ടാണ്. അതിലൂടെ താനൊരു കാര്യം മനസിലാക്കി, നമ്മളെല്ലാവരും ഇത് അംഗീകരിച്ച് കഴിഞ്ഞു എന്നാണ് യുവാവ് പറയുന്നത്.
Took a tourist around Delhi, and now I feel ashamed
byu/IM_MadMax indelhi
യുവാവിന്റെ പോസ്റ്റിന് പിന്നാലെ വലിയ ചർച്ചകളാണ് റെഡ്ഡിറ്റിൽ നടന്നത്. ആളുകൾക്ക് യാതൊരു തരത്തിലുള്ള പൗരബോധവും ഇല്ല, തോന്നിയ സ്ഥലങ്ങളിലെല്ലാം മാലിന്യം വലിച്ചെറിയുകയാണ്, വേണ്ടതുപോലെ മാലിന്യ നിർമ്മാർജ്ജനം നടക്കുന്നില്ല തുടങ്ങിയ കമന്റുകളാണ് പലരും നൽകിയിരിക്കുന്നത്.
‘നിങ്ങൾ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്’; അജ്ഞാതനായ പൈലറ്റ് തന്ന കുറിപ്പ് പങ്കുവച്ച് യുവതി, ക്ഷമാപണവും