36കാരനായ സമീറിന് ഡയാലിസിസ് തുടരണം, നിയാസിന് മാസം 12000 രൂപയുടെ മരുന്നും; ഫണ്ട് നിലച്ചു, രോഗികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ സംസ്ഥാനത്തെ വൃക്ക രോഗികള്‍. കടുത്ത പ്രതിസന്ധിയില്‍. കാരുണ്യ, കാസ്പ് തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമായി സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്ന പല രോഗികളും പണം നല്‍കി ചികില്‍സ തുടരേണ്ട സ്ഥിതിയിലാണ്. 

23 ആം വയസുമുതല്‍ വൃക്കരോഗത്തിന്‍റെ പിടിയിലായാണ് കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സമീര്‍. ഇപ്പോള്‍ 36ആം വയസില്‍ എത്തി നില്‍ക്കുന്ന സമീറിന് ഇതിനോടകം രണ്ടു വട്ടം വൃക്ക മാറ്റി വച്ചു. രണ്ടു വട്ടവും മാറ്റിവച്ച വൃക്കകള്‍ പൂര്‍ണ വിജയം കാണാത്തതിനാല്‍ ഡയാലിസിസ് തുടരേണ്ട സ്ഥിതിയാണ്. ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കാരുണ്യ സ്കീമിന്‍റെ ഭാഗമായി സൗജന്യമായി ഡയാലിസിസ് ചെയ്തിരുന്ന സമീറിന് ചികില്‍സ ഇനി എങ്ങനെ തുടരുമെന്നതില്‍ ആശങ്കയുണ്ട്.

കോഴിക്കോട് പാളയത്തെ ഫാന്‍സി ഷോപ്പില്‍ ജോലി ചെയ്യുകയാണ് മുഖദാര്‍ സ്വദേശി നിയാസ്. നേരത്തെ ഗ‍ള്‍ഫിലായിരുന്നു. വൃക്ക തരാറായതിനെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി. വൃക്ക മാറ്റി വച്ചെങ്കിലും മാസം 12000 രൂപയുടെ മരുന്ന് വേണം. കാരുണ്യ ഫാര്‍മസിയായിരുന്നു ആശ്രയം. മരുന്ന് കിട്ടാതായതോടെ മൂന്നിരട്ടി വില നല്‍കി മറ്റു വാങ്ങേണ്ട സ്ഥിതിയാണ്.

അപ്രതീക്ഷിതമായി ജീവിതത്തിലെ കഠിനകാലത്തേക്ക് എടുത്തെറിയപ്പെട്ടവരാണ് ഇവര്‍. ഒന്നിടവിട്ട ദിനങ്ങളില്‍ നടത്തേണ്ട രക്തം മാറ്റല്‍, മരുന്നുള്‍പ്പെടെ ചെലവേറിയ ചികില്‍സകള്‍ വേറെയുമുണ്ട്. നിര്‍ഭാഗ്യവാന്‍മാരായ ഈ മനുഷ്യരുടെ വലിയ ആശ്വാസവും ആശ്രയവും ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ബെനവലന്‍റ് ഫണ്ടും കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കാസ്പും.

സംസ്ഥാനത്ത് 588 ആശുപത്രികളും ഡയാലിസിസ് സെന്‍ററുകളും ഇരു പദ്ധതികളുമായി സഹകരിച്ച് വൃക്ക രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കി വന്നിരുന്നു. എന്നാല്‍ കൃത്യമായി പണം കിട്ടുന്നില്ലെന്ന പേരില്‍ പല പ്രധാന ആശുപത്രികളും നേരത്തെ തന്നെ ഈ പദ്ധതികളില്‍ നിന്ന് പിന്‍മാറി. കുടിശിക പെരുകിയതോടെ ബാക്കിയുളള ആശുപത്രികളും ഡയാലിസിസ് സെന്‍റററുകളും രോഗികളോട് പ്രതിസന്ധി തുറന്നു പറഞ്ഞ് തുടങ്ങി. ഇതോടെയാണ് കട്ടിലില്‍ കിടക്കുന്ന രോഗികള്‍ വരെ കളക്ടറേറ്റിന് മുന്നില്‍ സമരവുമായെത്തിയത്.

ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം നിശ്ചിത തുക സാമ്പത്തിക സഹായം നല്‍കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നേരത്തെ ഒരു ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവും പതിവു വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതല്ലാതെ രോഗികള്‍ക്ക് കാര്യമായ ഗുണം കിട്ടിയില്ല. അതേസമയം ഡയാലിസിസ് രോഗികളുടെ സൗജന്യ ചികില്‍സ മുടങ്ങില്ലെന്നും കാരുണ്യ സ്കീമിന്‍റെ ഭാഗമായി 300 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നുമാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന ഉറപ്പ്.

By admin