യുഎഇയിൽ തണുപ്പ് കുറയുന്നു, ഇനി വസന്തകാലത്തിന് സമാനമായ അന്തരീക്ഷം

ദുബൈ: യുഎഇയിൽ ശൈത്യകാലം ഇനി വസന്തത്തിന് വഴിയൊരുങ്ങുന്നു. രാജ്യത്തെ തണുപ്പ് കാലം അവസാനത്തിലെത്തിയതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. നാളെയോടെ രാജ്യത്ത് വസന്തകാലത്തിന് സമാനമായ അന്തരീക്ഷത്തിന് തുടക്കമാകും. പകൽ സമയവും രാത്രി സമയവും 12 മണിക്കൂർ വീതമായിരിക്കും. പിന്നീട് പതിയെ പകൽ സമയത്തിന്റെ ദൈർഘ്യം കൂടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. 

അതേ സമയം ഇന്ന്  രാജ്യത്തുടനീളം നേരിയ തോതിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കൂടാതെ താപനിലയിൽ കുറവ് വരാനും നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. നേരിയത് മുതൽ ഇടത്തരം കാറ്റിനും സാധ്യതയുണ്ട്. അൽ ദഫ്ര, അൽ സില, അൽ റുവൈസ് എന്നീ മേഖലകളിൽ ഇന്ന് പുലർച്ചെയോടെ മഴ ലഭിച്ചിരുന്നു.

By admin