ഭാര്യ മരിച്ചതറിയാതെ ഒരേ വീട്ടിൽ ഒരാഴ്ച, പിന്നാലെ മരണം; വിഖ്യാത ഹോളിവുഡ് നടന്‍റെ മരണകാരണം വെളിപ്പെടുത്തി പൊലീസ്

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജീന്‍ ഹാക്ക്മാന്‍റെയും ഭാര്യയും പിയാനിസ്റ്റുമായ ബെറ്റ്സി അരകാവയുടെയും ദുരൂഹ മരണം ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അഭിനയ മികവിന് രണ്ട് ഓസ്കര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച നടനാണ് ജീന്‍ ഹാക്ക്മാന്‍. ഇപ്പോഴിതാ ഹാക്ക്മാന്‍റെയും ഭാര്യയുടെയും മരണകാരണം മാധ്യമങ്ങളോട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

ജീന്‍ ഹാക്ക്മാന് 95 വയസും ഭാര്യ ബെറ്റ്സി അരകാവയ്ക്ക് 65 വയസുമായിരുന്നു പ്രായം. ശ്വാസകോശ സംബന്ധമായ രോഗമായ ഹാന്‍റാവൈറസ് പള്‍മനറി സിന്‍ഡ്രോം ആണ് ബെറ്റ്സി അരകാവയുടെ മരണകാരണമെന്ന് സാന്‍റാ ഫെ കൗണ്ടി ഷെരീഫ്സ് ഓഫീസില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂ മെക്സിക്കോ ചീഫ് മെഡിക്കല്‍ എക്സാമിനര്‍ ആയ ഡോ. ഹീതെര്‍ ജെറല്‍ അറിയിച്ചു. വൈറസ് ബാധയുള്ള എലികളില്‍ നിന്ന് മനുഷ്യരുലേക്ക് പകരുന്ന രോഗമാണ് ഇത്. ബെറ്റ്സി എന്നാണ് മരിച്ചതെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും അവരെ അവസാനമായി ജീവനോടെ കണ്ടത് ഫെബ്രുവരി 11 ന് ആണ്. 

അതേസമയം ഹൈപ്പര്‍ടെന്‍സീവ് ആന്‍‍ഡ് അഥിറോസ്ക്ലിറോട്ടിക് കാര്‍ഡിയോവാസ്കുലാര്‍ ഡിസീസ് ആണ് ഹാക്ക്മാന്‍റെ മരണകാരണം. അദ്ദേഹത്തിന്‍റെ പേസ്മേക്കറില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മരണം സംഭവിച്ചത് ഫെബ്രുവരി 18 ന് ആകാനാണ് സാധ്യത. ഇരുവര്‍ക്കുമൊപ്പം വളര്‍ത്തുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ സിന്ന എന്ന നായയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ മരണകാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. 

95 കാരനായ ജീന്‍ ഹാക്ക്മാന്‍ അല്‍ഷിമേഴ്സ് രോഗത്തിന്‍റെ ഉയര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. അതിനാല്‍ സ്വന്തം മരണത്തിന് മുന്‍പ് ഭാര്യ മരിച്ചത് അദ്ദേഹം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 2 നാണ് സാന്‍റാ ഫേയില്‍ വീട്ടില്‍ ഇരുവരെയും ഒപ്പം വളര്‍ത്തുനായയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യാഭര്‍ത്താക്കന്മാരുടെയും വളര്‍ത്തുനായയുടെയും മൃതശരീരങ്ങള്‍ വെവ്വേറെ മുറികളില്‍ ആയിരുന്നു. പുറമേനിന്നുള്ള ക്ഷതങ്ങളൊന്നും മൃതശരീരങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് ആദ്യ പരിശോധനയില്‍ത്തന്നെ പൊലീസ് അറിയിച്ചിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്ന ആദ്യമുയര്‍ന്ന സംശയത്തെ പിന്നാലെ പരിശോധനയില്‍ പൊലീസ് തള്ളിയിരുന്നു.

ALSO READ : ജയിൻ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്‍ത ‘കാടകം’ 14 ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin