ചാമ്പ്യൻസ് ട്രോഫി: പിഞ്ചുകുഞ്ഞിനെപ്പോലെ ഗ്രൗണ്ടില്‍ തുള്ളിച്ചാടി 75-കാരന്‍ സുനില്‍ ഗവാസ്കര്‍, വീഡിയോ

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തില്‍ ഇന്ത്യൻ ടീം ആനന്ദനൃത്തം ചവിട്ടുമ്പോള്‍ അവര്‍ക്ക് പിന്നിലായി ഒരു 75കാരന്‍ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ തുള്ളിച്ചാടുകയായിരുന്നു. മറ്റാരുമല്ല, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. റോബിന്‍ ഉത്തപ്പക്കും മായന്തി ലാംഗര്‍ക്കുമൊപ്പം ക്യാമറക്ക് മുമ്പില്‍ അവതാരകനായി നില്‍ക്കുന്നതിനിടെയാണ് ഗവാസ്കര്‍ ആവേശം അടക്കാനാവാതെ തുള്ളിച്ചാടിയത്. ഗവാസ്കറുടെ വൈറല്‍ ഡാന്‍സ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ചാമ്പ്യൻസ് ട്രോഫി സമ്മാനദാനച്ചടങ്ങില്‍ നിന്നും പാക് പ്രതിനിധികളെ ഒഴിവാക്കി, വിവാദം

മുമ്പും ഗവാസ്കര്‍ ഇന്ത്യൻ വിജയം ആഘോഷമാക്കിയിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പിലെ ആവേശപ്പോരില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോഴും ഗവാസ്കര്‍ ഇതുപോലെ നൃത്തം ചെയ്തിരുന്നു. 2023ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ലാസ്റ്റ് ബോൾ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി അഞ്ചാം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ധോണിയുടെ ഓട്ടോഗ്രാഫിനായി ഓടിയ ഗവാസ്കറെയും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

 

ഇന്നലെ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 83 പന്തില്‍ 76 റണ്‍സുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്‍(31), ശ്രേയസ് അയ്യര്‍(48), അക്സര്‍ പട്ടേല്‍(29), കെ എല്‍ രാഹുല്‍(34*) എന്നിവരുടെയും ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. വിരാട് കോലി രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു.9 റണ്‍സുമായി രവീന്ദ്ര ജഡേജ രാഹുലിനൊപ്പം പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin