ഉപയോഗ ശൂന്യമായ പാചക എണ്ണ കളയരുത്, ഇതുവഴി പണം സമ്പാദിക്കാം, യുഎഇയിൽ പുതിയ പദ്ധതിക്ക് തുടക്കം
അജ്മാൻ: പാചകം കഴിഞ്ഞശേഷം ഉപയോഗിച്ച എണ്ണ കളയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അത് വേണ്ട. പാചക എണ്ണ ജൈവ ഇന്ധനമാക്കി മാറ്റാനുള്ള അവസരമൊരുക്കുകയാണ് അജ്മാൻ മുനിസിപ്പാലിറ്റി. ഇതുവഴി പണം സമ്പാദിക്കാനും കഴിയും. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന പാചക എണ്ണ ശേഖരിച്ച് ജൈവഇന്ധനമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അജ്മാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയിൽ താമസയിടങ്ങളിൽ നിന്നും ഉപയോഗ ശൂന്യമായതും ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിവരുന്നതുമായ എണ്ണ കണ്ടെയ്നറുകളിൽ ശേഖരിച്ചാണ് പിന്നീട് ജൈവ ഇന്ധനമാക്കി മാറ്റുന്നത്. ഇതുവഴി താമസക്കാർക്ക് പണം ലഭിക്കുകയും ചെയ്യുന്നു.
എണ്ണ ശേഖരിക്കാനുള്ള കണ്ടെയ്നറുകൾ മുനിസിപ്പാലിറ്റിയിൽ നിന്നും അതത് ഇടങ്ങളിലേക്ക് എത്തിച്ച് നൽകും. കണ്ടെയ്നറുകൾ ലഭിക്കാനായി 80070 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ഈ കണ്ടെയ്നറുകൾ നിറയുമ്പോൾ മുനിസിപ്പാലിറ്റി ജീവനക്കാർ എത്തി കണ്ടെയ്നർ മാറ്റിസ്ഥാപിക്കുകയും പാചക എണ്ണയുടെ പ്രതിഫലം നൽകുകയും ചെയ്യും. ശുദ്ധമായ ഊർജ ഉൽപ്പാദനത്തിൽ താമസക്കാർക്കും പങ്കാളികളാകാൻ ഇതിലൂടെ കഴിയും. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ ഈ പദ്ധതിയിലൂടെ താമസയിടങ്ങളിലെ മലിനീകരണം കുറയ്ക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥ ഉയർത്താനുമാണ് ലക്ഷ്യം വെക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
read more: യുഎഇയിൽ തണുപ്പ് കുറയുന്നു, ഇനി വസന്തകാലത്തിന് സമാനമായ അന്തരീക്ഷം