ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും; ആനവണ്ടിയുടെ അമരത്ത് ‘രാജി’

കെഎസ്ആര്‍ടിസി ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ സ്ത്രീ, മലയാളിക്ക് ഇപ്പോഴും ഇത്തരമൊരു കാഴ്ച കണ്ടാല്‍ കൗതുകമാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിൻ്റെയും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടിൽ വെൽഡിംഗ് തൊഴിലാളിയായ ബനാർജിൻ്റെ ഭാര്യയുമായ രാജി ആനവണ്ടിയുടെ വളയം പിടിച്ചപ്പോഴും ആദ്യമൊക്കെ ചുറ്റുമുള്ളവര്‍ക്ക് അത്ഭുതമായിരുന്നു, ഒപ്പം അഭിമാനവും. സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെയും കാട്ടാക്കടയിലെയും ആദ്യത്തെയും ആനവണ്ടി വനിതാ ഡ്രൈവറായി രാജി ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. 

ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളിൽ 36കാരിയായ രാജി ഡ്രൈവിംഗ് പരിശീലക എന്ന നിലയ്ക്കും ചിരപരിചിതയാണ്. ഈ വനിതാ ദിനത്തില്‍ രാജി തന്‍റെ അനുഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്  സംസാരിക്കുന്നു. 

കുട്ടിക്കാലത്ത് അച്ഛന്‍റെ അംബാസഡർ കാറിനോടുള്ള ഇഷ്ടം 

കുട്ടികാലത്ത് ഡ്രൈവറായ അച്ഛൻ്റെ കാറും പിന്നീട് ലോറിയുമൊക്കെ വീട്ടിൽ കൊണ്ട് വരുമ്പോൾ വാഹനം കഴുകാനും അറ്റകുറ്റ പണിക്കും ഒക്കെ കൂടെക്കൂടി തുടങ്ങിയതാണ് വാഹനങ്ങളോടുള്ള ഇഷ്ടം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍റെ അംബാസഡർ കാറിനോട് തോന്നിയ ഇഷ്ടമാണ് ഡ്രൈവിംഗ് പഠിക്കാനുള്ള പ്രേരണ. അച്ഛന്‍ തന്നെയാണ് ആദ്യ ഗുരു.  ഞങ്ങള്‍ മൂന്ന് പെണ്‍മക്കളാണ്. കൂട്ടത്തില്‍ ഒരു ആണ്‍ക്കുട്ടി സ്ഥാനം എനിക്കായിരുന്നു എന്നും പറയാം.  

വാഹനങ്ങളോടുള്ള ഇഷ്ടം സ്കൂൾ പഠന കാലത്തും ഡിഗ്രി പഠന കാലത്തുമൊക്കെ തുടന്നു. ഇതിനിടെ, സ്കൂട്ടറും കാറും ലോറിയും ഒക്കെ ഓടിക്കാൻ അച്ഛൻ്റെ ശിക്ഷണത്തിൽ തന്നെ പഠിച്ചു. 2009-ലാണ് ലൈസന്‍സ് എടുത്തത്. 2010 മുതല്‍ ഡ്രൈവിംഗ്  സ്കൂളില്‍ പഠിപ്പിക്കാനും തുടങ്ങി. 2014-ലാണ് ഹെവി ലൈസന്‍സ് എടുത്തത്.  2017-ലായിരുന്നു വിവാഹം. അച്ഛനും അമ്മയ്ക്കുമൊപ്പം ഭര്‍ത്താവും ഏറെ പ്രോത്സാഹനമാണ് നല്‍കിയത്. 

ഒന്നര പതിറ്റാണ്ടോളമായി  ഡ്രൈവിംഗ് പരിശീലക

വാഹനത്തോടുള്ള ഇഷ്ടവും കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹവും ചെന്നെത്തിയത് ഡ്രൈവിംഗ് സ്കൂൾ പരിശീലകയുടെ വേഷത്തിൽ. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയിലെ ഒരു  ഡ്രൈവിംഗ് സ്കൂളില്‍ ഡ്രൈവിംഗ് പരിശീലകയായി തുടരുന്നു. 

കെഎസ്ആര്‍ടിസിയിലെ ഡ്രൈവർ

ഡ്രൈവിംഗ് പരിശീലകയായി ജീവിതം മുന്നോട്ടുപോകുമ്പോഴായിരുന്നു കെഎസ്ആര്‍ടിസിയിലെ ഒഴിവിനെ കുറിച്ച് അറിഞ്ഞത്. അപേക്ഷ ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പക്ഷേ സർക്കാർ ഔദ്യോ​ഗിക ഡ്രൈവർ വേഷത്തിലേയ്ക്ക് എത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.  പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ചു. ടെസ്റ്റിലും വിജയിച്ചു. കെഎസ്ആര്‍ടിസിയില്‍ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷമായി. ഇവിടെ ജോലിയില്‍ പ്രവേശിച്ചിട്ട് ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു.  

ആദ്യ റൂട്ടും ആളുകളുടെ കൗതുകവും 

ആദ്യ റൂട്ട് ചെമ്പൂരായിരുന്നു. ആദ്യത്തെ ദിവസം ആളുകള്‍ക്ക് എന്നെ കണ്ട് ആശ്ചര്യമായിരുന്നു. ബസിലെ യാത്രക്കാർക്കും സ്റ്റാൻഡിൽ ഇതേ ബസിന് സമീപത്ത് ഉണ്ടായിരുന്ന മറ്റു ബസിലെയും സ്റ്റാൻഡിൽ കാത്തു നിന്ന യാത്രക്കാർക്കുമൊക്കെ കൗതുകമായിരുന്നു. ഇതേ സ്ഥിതി തന്നെയായിരുന്നു നിരത്തിലുടനീളവം. ആദ്യ സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. റോഡില്‍ എല്ലാവരും കൈ എടുത്ത് കാണിക്കുമായിരുന്നു. അടുത്ത ദിവസവും ആ റൂട്ടിലാണെങ്കില്‍ കാണാനായി ചേച്ചിമാരൊക്കെ റോഡില്‍ ഇറങ്ങി നില്‍ക്കുമായിരുന്നു. റോഡില്‍ വാഹനം ഓടിച്ചുപോകുന്നവരും,  എല്ലാവരും നല്ല സപ്പോര്‍ട്ടാണ് നല്‍കിയത്. 

ആദ്യ യാത്രയും കെഎസ്ആർടിസി ഡ്രൈവിം​ഗും ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. ആദ്യ ദിനത്തിൽ 150 കിലോ മീറ്ററാണ് ഓടിച്ചത്. യാത്രക്കാരുടെ ഭാഗത്തു നിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചത്.  ആദ്യമൊക്കെ സ്പീഡ് കുറവാണെന്ന് പറയുമായിരുന്നു. ഇപ്പോള്‍ ട്രാക്കിലായിട്ടുണ്ട്. എട്ട് മണിക്കൂറാണ് ജോലിസമയം. രാവിലെ ഏഴരയ്ക്ക് ഡ്യൂട്ടിക്ക് കയറിയാല്‍ രാത്രി ഏഴ് മണിയോടെ കഴിയും. ഇപ്പോഴും ഒഴിവ് സമയങ്ങളില്‍ ഡ്രൈവിംങ് സ്കൂളില്‍ കാറ് പഠിപ്പിക്കാനും പോകുന്നുണ്ട്.

വളയം പിടിക്കാന്‍ സ്ത്രീകളും

ഇന്നത്തെ കാലത്ത് പല കാര്യങ്ങളിലും സ്ത്രീകൾ പുരുഷൻമാരേക്കാൾ മിടുക്കരാണെങ്കിലും ഡ്രൈവിംഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പല സ്ത്രീകൾക്കും ഇപ്പോഴും കാറോടിക്കാൻ പോലും അറിയില്ലെന്നതാണ് സത്യം. സ്ത്രീകള്‍ക്ക് ഏത് ജോലിയും ചെയ്യാന്‍ കഴിയും. ഇനിയും സ്ത്രീകള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരണമെന്നാണ് ആഗ്രഹം. കുറച്ച് സ്‌ത്രീകള്‍ക്ക് എങ്കിലും ഞാന്‍ പ്രചോദനമാവുകയാണ് എന്ന് അറിയുന്നതില്‍ ഏറെ സന്തോഷം. 

 

By admin