കോഴിക്കോട് ∙ പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ലഹരിപ്പൊതി വിഴുങ്ങിയെന്ന് ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്.
അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. പ്രതി അഞ്ചാംമൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി.
തൃശൂരിൽ മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അസ്സം സ്വദേശി ദിൽദുർ ഹുസൈനാണ് 130 ഗ്രാം ബ്രൗൺഷുഗറുമായി പിടിയിലായത്. പേരാമംഗലം പൊലീസും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്.
 https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *