ഇവിടം സ്വർഗമാണ്, മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിൽ ഒമാൻ മുന്നിൽ
മസ്കത്ത്: മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ഒമാൻ. ഓൺലൈൻ ഡേറ്റാബേസ് കമ്പനിയായ നമ്പിയോ പുറത്തുവിട്ട 2025ലെ ആഗോള മലിനീകരണ സൂചിക പ്രകാരമാണ് ഒമാൻ ആദ്യ സ്ഥാനം പിടിച്ചെടുത്തത്. ലോക രാജ്യങ്ങളുടെ പട്ടികയിൽ 22ാമതാണ് ഒമാന്റെ സ്ഥാനം. പരിസ്ഥിതി ഗുണനിലവാരം സംരക്ഷിക്കുക, സുസ്ഥിരതയ്ക്ക് പ്രചോദനം നൽകുക, മലിനീകരണം കുറച്ചുകൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലുള്ള ഒമാന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
വായു, ജല ഗുണനിലവാരം, മാലിന്യ നിർമാർജനം, ശബ്ദ മലിനീകരണം, ഹരിതയിടങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള മലിനീകരണ സൂചിക. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ ചെറിയ അളവിലുള്ള മലിനീകരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരമായ പദ്ധതികൾക്ക് മുന്നോക്കം നൽകിയിട്ടുള്ള ഒമാന്റെ പാരിസ്ഥിക നയങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്. നഗര, വ്യാവസായിക വികസനം വന്നതോടെ നിരവധി രാജ്യങ്ങൾ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഒമാൻ ഈ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇത് മറ്റുള്ള രാജ്യങ്ങൾക്ക് പാരിസിഥിക മേഖലയിൽ മാതൃകയാക്കാവുന്ന ഒരു രാജ്യമാക്കി ഒമാനെ മാറ്റിയിരിക്കുകയാണ്.
വരും തലമുറകൾക്ക് വേണ്ടി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലുമുള്ള ഒമാന്റെ `വിഷൻ 2040’ന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ നേട്ടം. മലിനീകരണമില്ലാത്ത, തികച്ചും ശുദ്ധമായ ഒരു പ്രകൃതിയിൽ ജീവിക്കാനുള്ള ഒരു ഇടമെന്ന നിലയിൽ മാത്രമല്ല വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി കൊണ്ടുപോകുന്ന ഒരു രാജ്യത്തിന് ഉത്തമ ഉദാഹരണം കൂടിയാണ് ഒമാൻ.