വിപണിയിൽ മാന്ദ്യം, തിരിച്ചടി; മെക്സിക്കോക്കും കാനഡക്കും ഏർപ്പെടുത്തിയ അധിക നികുതി മരവിപ്പിച്ച് അമേരിക്ക
വാഷിങ്ടൺ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ താൽക്കാലികമായി നിർത്തിവച്ച് അമേരിക്ക. ഏപ്രിൽ 2 വരെയാണ് വിലക്കിയത്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു.
യുഎസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ കരാർ ( യുഎസ്എംസിഎ ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു. എങ്കിലും, കനേഡിയൻ, മെക്സിക്കൻ കയറ്റുമതിയുടെ ഗണ്യമായ ഭാഗങ്ങളെ താരിഫ് ഇപ്പോഴും ബാധിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. കനേഡിയൻ ഇറക്കുമതിയുടെ ഏകദേശം 62% പുതിയ തീരുവകൾക്ക് വിധേയമാകും. അതേസമയം, മെക്സിക്കൻ ഇറക്കുമതിയുടെ പകുതിയോളം യുഎസ്എംസിഎയ്ക്ക് കീഴിൽ വരുന്നതിനാൽ അധിക തീരുവയിൽ നിന്ന് ഒഴിവാക്കപ്പെടും.
താരിഫുകൾ യുഎസ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, വിപണിയിലെ ചാഞ്ചാട്ടം തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന ആരോപണം ട്രംപ് തള്ളിക്കളഞ്ഞു. കാനഡ ഉയർന്ന താരിഫ് ഉള്ള ഒരു രാജ്യമാണ്. നമ്മുടെ പാൽ ഉൽപന്നങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും കാനഡ 250% ഈടാക്കുന്നു. തടിക്കും അതുപോലുള്ള കാര്യങ്ങൾക്കും വലിയ താരിഫ് ഈടാക്കുന്നു. ഞങ്ങൾക്ക് അവരുടെ തടി ആവശ്യമില്ല. ഞങ്ങൾക്ക് അവരേക്കാൾ കൂടുതൽ തടി ഉണ്ട്. ഞങ്ങൾക്ക് കാനഡയിൽ നിന്നുള്ള കാറുകൾ ആവശ്യമില്ല. ഞങ്ങൾക്ക് കാനഡയിൽ നിന്ന് ഊർജ്ജം ആവശ്യമില്ല. ഞങ്ങൾക്ക് കാനഡയിൽ നിന്ന് ഒന്നും ആവശ്യമില്ലെന്നും ഏപ്രിൽ രണ്ടിന് അധിക നിരക്ക് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു.
കനേഡിയൻ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഭ്യന്തര വിഭവ ഉപയോഗം വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇതിനു വിപരീതമായി, മെക്സിക്കോയുമായുള്ള കൂടുതൽ സഹകരണത്തിന് ട്രംപ് തയാറായി. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായുള്ള ചർച്ചകൾക്ക് ശേഷം, യുഎസ്എംസിഎയുടെ പരിധിയിൽ വരുന്ന സാധനങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, അമേരിക്കയുടെ അധിക തീരുവ നയത്തിന് അതേഭാഷയിൽ തിരിച്ചടി നൽകുമെന്ന് കാനഡയും വ്യക്തമാക്കി.