പാര്‍ട്ടി സമ്മേളന കാലത്ത് നേതാക്കളുടെ രഹസ്യ ചര്‍ച്ചയ്ക്കിടയിലും കയറിയിറങ്ങിയ ക്യാമറ
ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ 1995 -ലായിരുന്നു ഇതിന് മുമ്പ് സിപിഐ(എം) സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നത്. ഇഎംഎസും ഹർകിഷൻ സിങ്ങ് സുർജിത്തും പോലുള്ള തലപ്പൊക്കമുള്ള നേതാക്കളുടെ സജീവ സാന്നിധ്യമാണ് അതിന് മാറ്റുകൂട്ടിയത്. വി എസ് അച്യൂതാനന്ദൻ എന്ന, അടിസ്ഥാന വർഗ്ഗത്തിൽ നിന്നുയർന്നുവന്ന സഖാവ്, സംഘടനയുടെ തലപ്പത്തേക്ക് വന്ന സമ്മേളനം.
വാർത്തകളിൽ ഒരു ചേരിതിരിവും പാടില്ലെന്നും എല്ലാ വശങ്ങളും അവതരിപ്പിച്ചിരിക്കണമെന്നും കർശന നിബന്ധനകൾ ഉള്ളപ്പോഴും ഏഷ്യാനെറ്റിന് അന്ന് ഇടതുപക്ഷ ചായവ് ഉണ്ടായിരുന്നുവെന്ന് വ്യക്തം. സ്ഥാപക മേധാവി ശശികുമാറിന് സിപിഐ(എം) നേതാക്കളുമായി കൃത്യമായ അടുപ്പമുള്ളതിനാൽ ഞങ്ങളെ, അവരിൽ ഒരാളായിട്ടായിരുന്നു സമ്മേളനത്തിൽ സഖാക്കളും നേതാക്കളും കണ്ടിരുന്നത്. തുടക്കത്തിൽ ക്യാമറയും എഡിറ്റുമെല്ലാം ഞങ്ങൾ റിപ്പോട്ടർമാർ തന്നെയാണ് ചെയ്തിരുന്നത്. അങ്ങനെ ’95 -ലെ കൊല്ലം സമ്മേളനത്തിൽ ഞാനൊരു സൂപ്പർ വി എച്ച് എസ് ക്യാമറയുമായി എല്ലായിടത്തും സ്വതന്ത്രമായി കടന്നു ചെന്നു.
സുർജിത്തും ഇഎംഎസും അടക്കം മുതിർന്ന പിബി നേതാക്കളുടെ രഹസ്യ ചർച്ചകളിൽ വരെ ഞങ്ങൾ സ്വീകാര്യരായിരുന്നു. വളരെ നിർണ്ണായക തീരൂമാനങ്ങൾ ചർച്ച ചെയ്യുന്നിടത്തും ഞാൻ ക്യാമറയുമായി കയറി ചെന്നു. മുതിർന്ന നേതാക്കൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചതാകട്ടെ എസ്. രാമചന്ദ്രൻ പിള്ള മാത്രം. വിവരം ഒന്നും പുറത്തു പോവില്ലലോയെന്ന എസ്ആർപിയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയവേ, ‘ഇത് നമ്മുടെ സ്വന്തം ആൾക്കാരല്ലേ’ എന്ന് മറ്റ് സഖാക്കളുടെ ഉറപ്പ്.
(1995 -ൽ കൊല്ലത്ത് വച്ച് നടന്ന സിപിഎം സമ്മേളനത്തിനിടെ ഇ കെ നായനാർ, ഇ എം എസ് നമ്പൂതിരിപ്പാട്, വി എസ് അചുതാനന്ദന്‍ എന്നിവര്‍)
മുതിർന്ന നേതാക്കളുടെ കിടപ്പുമുറിയിൽ വരെ ഞങ്ങൾക്ക് അന്ന് കടന്നു ചെല്ലാനായി. ഇഎംഎസിന്‍റെ മുറിയിൽ ഞാൻ കയറി ചെല്ലുമ്പോൾ സീതാറാം യെച്ചൂരി ഇഎംഎസിനോട് വിദ്യാഭ്യാസ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ പെറ്റി തന്‍റെ അഭിപ്രായം ശക്തമായി അവതരിപ്പിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ അവരുടെ താത്പര്യ സംരക്ഷണത്തിനായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിൽ പ്രചരിപ്പിച്ചതെങ്കിലും അത് അവരുടെ തന്നെ സാമ്രാജ്യത്വത്തിന് എതിരെയുള്ള സമരത്തിന് ഇന്ത്യക്കാരെ സജ്ജമാക്കിയെന്ന തന്‍റെ വാദഗതി യെച്ചൂരി ഇഎംഎസിനോട് ശക്തിയുക്തം അവതരിപ്പിച്ചു. ഇതെല്ലാം സാകൂതം കേട്ടിരുന്ന ഇഎംഎസ് വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കാനും കച്ചവടവത്കരിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കണമെന്നും പറയുന്നുണ്ടായിരുന്നു.
അടിയന്തര പ്രാധാന്യമുള്ള ദേശീയ രാഷ്ട്രീയ വിഷയങ്ങളാണ് ചണ്ഡിഗഡിൽ വരാൻ പോകുന്ന 15 -ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ടതെന്നും അത് കഴിഞ്ഞാലുടൻ ഇത്തരം കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യാമെന്നും ഇഎംഎസ്, യെച്ചൂരിയെ അറിയിച്ചു. നിങ്ങൾ ഇവിടത്തെ ചർച്ചകൾ മുഴുവൻ അറിയുന്നുവല്ലോയെന്ന് എന്നോടും ബ്യൂറോ ചീഫ് സി എൽ തോമസിനോടും സുർജിത്ത് ചോദിച്ചപ്പോൾ ഇഎംഎസ് വെളുക്കെ ചിരിച്ചു കൊണ്ടായിരുന്നു പ്രതികരിച്ചത്. ‘നിങ്ങൾ നമ്മുടെ ഭാഗമല്ലേ’ എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. തങ്ങളെ മാത്രം എടുത്താൽ പോരെന്നും വിഎസിനെയും നായനാരെയും പിടി കൂടണമെന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
(പാര്‍ട്ടി സമ്മേളനത്തിനിടെ സിപിഎം ദേശീയ നേതാക്കളും ചര്‍ച്ച)
സുർജിത്തും ഇഎംഎസും സജീവമായി പങ്കെടുത്ത സമ്മേളനം. പ്രായാധിക്യത്തിന്‍റെ അവശതക്കിടയിലും സന്തത സഹചാരിയായ വേണുവിന്‍റെ കൈപിടിച്ച് ഇഎംഎസ് എല്ലായിടത്തും സജീവം. ഉള്ളിലെ ചർച്ചകളിലും പൊതു സമ്മേളനത്തിലും സഖാക്കൾക്കും പൊതുജനങ്ങൾക്കും കൃത്യമായ ആശയവിനിമയം പകർന്നു നൽകി ഇഎംഎസ്. അമേരിക്കയ്ക്ക് പുറകേ മാത്രം ഇന്ത്യ പോകരുതെന്നും വലിയ വിപണിയുള്ള വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുകയാണെന്നുമുള്ള പ്രവചനവും അന്ന് ഇഎംഎസ് നടത്തി.
വൈകീട്ട് കൊല്ലം നഗരത്തെ ചെങ്കടലാക്കി മാറ്റിയ റൈഡ് വേളന്‍റിയർ പരേഡോടെ തുടങ്ങിയ സമാപന പരിപാടികൾ പൊതുസമ്മേളനം നടക്കുന്ന എസ്എൻ കോളേജിനടുത്തുള്ള കൺടോൺമെന്‍റ് മൈതാനിയിൽ പ്രവശിപ്പിക്കുമ്പോഴേക്കും നിന്ന് തിരിയാനിടയില്ലാത്ത വിധം ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. സിപിഎമ്മിലെ വിഭാഗീയതയ്ക്ക് തുടക്കമിട്ടത് കൊല്ലം സമ്മേളനത്തിലെന്ന് പറയാം. വിഎസ് പക്ഷം കരുത്ത് തെളിച്ച സമ്മേളനത്തിൽ ഇകെ നായനാർ സംസ്ഥാന സെക്രട്ടറിയായി. പാർട്ടിയിലെ സിഐടിയു വിഭാഗത്തിനുണ്ടായിരുന്ന മേൽക്കോയ്മ ദുർബലമായി. മുതിർന്ന സിഐടിയു നേതാവ് എൻ പത്മലോചനെ തോൽപ്പിച്ച് പി രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിലെത്തി.
(പാര്‍ട്ടി സമ്മേളത്തില്‍ പ്രസംഗിക്കുന്ന ഇ എം എസ് നമ്പൂതിരിപ്പാട്)
ഈ വിഭാഗീയതയും പുതിയ ഗ്രൂപ്പിസവും അന്ന് വലിയ വാർത്തയായി. എന്നാൽ, ഇഎംഎസ് അതിനെ ഹാസ്യത്തിന്‍റെ മേമ്പൊടി കൊണ്ട് നേരിട്ടു. ‘നായനാരും അച്യുതാനന്ദനും ഞാനും, ഞങ്ങളെല്ലാവരും കൂടി ഒരു ഗ്രപ്പുണ്ട് കേരളത്തിൽ; അതാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്.’ വേദിയില്‍ നിന്ന് സ്വതസിദ്ധമായ ശൈലിയില്‍ ഇഎംഎസ് പ്രസംഗിച്ചതിന് പിന്നാലെ മൈതാനം നിറഞ്ഞ് നിന്നിരുന്ന ജനങ്ങളുടെ നീണ്ട കൈയ്യടി ഉയർന്നു. സുശീലാ ഗോപാലൻ, എംഎം ലോറൻസ്, എംഎ ബേബി തുടങ്ങിയ സഖാക്കളെല്ലാം അണിനിരന്ന എൻഎസ് നഗറിലെ സമാപന സമ്മേളനത്തിൽ അന്തർദേശീയ. ദേശീയ, പ്രാദേശീക നയങ്ങളും, കാഴ്ചപ്പാടും ഇഎംഎസ് വ്യക്തമാക്കുമ്പോൾ കൊല്ലത്തെ മൈതാനത്തിൽ തടിച്ചു കൂടിയ പുരുഷാരം അത് സശ്രദ്ധം കേട്ടിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിങ്ങ് സുർജിത്തിന്‍റെ അഭിസംബോധന ദേശീയ വിഷയങ്ങൾ പ്രതിപാദിച്ചായിരുന്നു. ഇകെ നായനാർ സെക്രട്ടറിയായെങ്കിലും കരുത്തൻ വിഎസായിരുന്നു. പക്ഷേ, അത് പ്രകടമാക്കാൻ ’98 -ലെ പാലക്കാട് സമ്മേളനം വരെ കാക്കേണ്ടി വന്നു. അവിടെ സമുന്നത നേതാക്കളായ സിഐടിയു പക്ഷത്തെ ഇ ബാലാനന്ദനും എംഎം ലോറൻസും കെഎൻ രവീന്ദ്രനാഥും തോറ്റു. പിണറായിയുടെ കൂടെ പിന്തുണയിൽ വിഎസാണ് ഇവരെ വെട്ടിനിരത്തിയെതെന്ന അപഖ്യാതി പാലക്കാട്ട് ഉയർന്നു. പക്ഷേ, അതിനെല്ലാം കളമൊരുങ്ങിയത് ’95 -ലെ കൊല്ലം സമ്മേളനത്തിലാണ്. മൂന്ന് പതിറ്റാണ്ടിനപ്പുറം കൊല്ലത്ത് വീണ്ടും പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ വാർദ്ധക്യം കാരണം വീട്ടിൽ വിശ്രമിക്കുന്ന വിഎസ് അച്യൂതാനന്ദൻ ചിത്രത്തിൽ പോലുമില്ല. ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ വിയോഗം കാരണം ദേശീയ നേതൃത്വവും ദൂർബലം. സിപിഐ(എം) ആകട്ടെ പിണറായി വിജയനെന്ന ഒരൊറ്റെ നോതാവിന്‍റെ സമഗ്രാധിപത്യത്തിന്‍ കീഴിലും.