ചിരിക്കൊപ്പം ചിന്തയും നിറച്ച് ഇന്ദ്രൻസിന്റെ പരിവാര്‍- റിവ്യു

പേരില്‍ തന്നെ സിനിമ ഒളിപ്പിച്ചാണ് പരിവാര്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. നടപ്പുകാലത്തിന്റെ രാഷ്‍ട്രീയ ചിന്തകള്‍ ആക്ഷേപഹാസ്യത്തില്‍ കോര്‍ത്തിണക്കിയാണ് പരിവാര്‍ ഒരുക്കിയിട്ടുള്ളത്. ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനുമുള്ള വിഭവങ്ങളും സിനിമയില്‍ ഉടനീളമുണ്ട്. കേവലം ചിരിക്കാഴ്‍ചയായി കുടുംബപ്രേക്ഷകര്‍ക്ക് കാണാവുന്ന സിനിമയായും പരിവാറിനെ ഒരുക്കിയെടുത്തിട്ടുണ്ട്.

സിനിമയുടെ പേരില്‍ മാത്രമല്ല പ്രധാന എല്ലാ കഥാപാത്രങ്ങളുടെ പേരിലും കൗതുകവും ചിന്തയും നിറച്ചുവച്ചിട്ടുണ്ട്. ഹസ്‍തിനപുരത്തെ ഭാസ്‍കരേട്ടന് രണ്ട് ഭാര്യമാരാണ്. ഇവരില്‍ ഭാസ്‍കരേട്ടന് അഞ്ച് മക്കളുമുണ്ട്. മഹാഭാരതത്തെ ഓര്‍മിപ്പിക്കുന്നതാണ് കഥാപാത്രങ്ങളുടെ പേരുകള്‍. ആദ്യ പേരുകാരൻ ധര്‍മൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു പോയി. നിലവില്‍ നാല് മക്കളാണ് ഉള്ളത്. മൂത്തവൻ ഭീമൻ, രണ്ടാമൻ സഹദേവൻ മൂന്നാമൻ നകുലൻ, നാലാമൻ അര്‍ജുനൻ എന്നിവരാണ് ഭാസ്‍കരേട്ടന്റെ മക്കള്‍. ഈ കൗതുകം സിനിമ നിറയെയുണ്ട്.

അച്ഛൻ ഭാസ്‍കരന്റെ മരണത്തിനായി കാത്തിരിക്കുകയാണ് മക്കളില്‍ രണ്ടുപേര്‍. സഹദേവനും നകുലനും. അതിനൊരു കാരണവുമുണ്ട്. ഭാസ്‍കരേട്ടന് സായിപ്പ് സമ്മാനിച്ച അമൂല്യമായ മോതിരം കൈക്കലാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ ഭാസ്‍കരേട്ടനെ മരണം തേടിയെത്താൻ വൈകുന്നതാണ് സിനിമയുടെ ആദ്യ പകുതി. അച്ഛൻ മരിച്ചുകാണാൻ ആഗ്രഹിച്ച് വീട്ടില്‍ തങ്ങുന്ന മക്കളും മോതിരത്തിനായി സഹോദരങ്ങള്‍ വാശിപിടിക്കുന്നതുമൊക്കെയാണ് ആദ്യ പകുതിയില്‍ സിനിമയില്‍ നിറയുന്നത്. ആ മോതിരം ആര്‍ക്കാണ് കിട്ടുക. സിനിമയെ ആകാംക്ഷാഭരിതമാക്കുന്നത് ആ ഉത്തരമാണ്. ഒടുവില്‍ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും.

ഡാര്‍ക് ഹ്യൂമറും സിനിമയില്‍ ഇടകലരുന്നുണ്ട്. മരണക്കിടക്കയിലുള്ള അച്ഛന്റെ മുന്നില്‍വെച്ചാണ് മകന്റെ പ്രണയം വരെ ചിത്രീകരിച്ചിരിക്കുന്നത്. മോതിരം കൈക്കലാക്കാൻ ഏതറ്റം വരെ പോകാൻ മക്കള്‍ക്ക് കൂട്ട് ഇളയച്ഛനുമാണ്. മന്ത്രവും കുടില തന്ത്രങ്ങളുമൊക്കെ അതിനായി സിനിമയിലെ ഇളയച്ഛൻ ഉപയോഗിക്കുന്നതും ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതുമാണ്.

ഉത്സവ് രാജീവും ഫഹദ് നന്ദുവുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാഷ്‍ട്രീയം ആക്ഷേപഹാസ്യത്തില്‍ കൊരുത്താണ് സംവിധായകര്‍ സിനിമ ഒരുക്കിയിരിക്കുന്നത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‍തിരിക്കുന്നു. ലളിതമായ ആഖ്യാനവും കഥാസന്ദര്‍ഭങ്ങളുമാണ് സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ഉത്സവ് രാജീവും ഫഹദ് നന്ദുവും പരിവാറിനായി സ്വീകരിച്ചിരിക്കുന്നത്.

സഹദേവനായി ജഗദീഷാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. വേറിട്ട ചലനങ്ങളും മാനറിസവുമായി ജഗദീഷ് സിനിമയില്‍ തകര്‍ത്താടിയിരിക്കുന്നു. ഭീമനായ ഇന്ദ്രൻസും പ്രശംസ നേടുന്നു. അലക്സാണ്ടര്‍ പ്രശാന്ത് മീനുരാജ് പള്ളുരുത്തി തുടങ്ങിയവരും മികച്ചുനില്‍ക്കുന്നു.

ബിജിബാലിന്റെ സംഗീതവും പ്രമേയത്തിനൊത്ത് ചേര്‍ന്നുള്ളതാണ്. മനോഹരമായ പാട്ടുകളും സിനിമയെ ആകര്‍ഷകമാക്കിയിരിക്കുന്നു. അല്‍ഫാസ് ജഹാംഗീറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വി എസ് വിശാലാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Read More: ഒടുവില്‍ വാടിവാസല്‍ തുടങ്ങുന്നു, സൂര്യ ആരാധകര്‍ ആവേശത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin