ഹോണ്ടയുടെ മുന്നേറ്റം! ടൂവീലർ വിപണിയിൽ അട്ടിമറി, എന്തൊക്കെയാണ് സംഭവിക്കുന്നത്? തലകുനിച്ച് ഹീറോ

രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിന് ഫെബ്രുവരി വളരെ അപ്രതീക്ഷിതമായ ഒരു മാസമായിരുന്നു. ഒരു വശത്ത്, മാരുതി സുസുക്കി ഫ്രോങ്ക്സ് നാലുചക്ര വാഹന വിപണിയിൽ വലിയൊരു ചലനം സൃഷ്‍ടിച്ചു. രാജ്യത്തെ ഒന്നാം നമ്പർ കാറായി ഫ്രോങ്ക്സ് മാറി. മറുവശത്ത്, ഇരുചക്ര വാഹന വിഭാഗത്തിലും വലിയ അട്ടിമറി നടന്നിരിക്കുന്നു. ഹീറോ മോട്ടോകോർപ്പ് രാജ്യത്തെ ഒന്നാം നമ്പർ ഇരുചക്ര വാഹന കമ്പനിയായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോൾ ഈ കിരീടം അതിൽ നിന്ന് തട്ടിയെടുക്കപ്പെട്ടിരിക്കുന്നു. ഹീറോ ഒന്നാം സ്ഥാനത്ത് നിന്ന് വഴുതി വീണു. കഴിഞ്ഞ മാസം, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ, ടിവിഎസ് മോട്ടോർ തുടങ്ങിയ കമ്പനികളുടെ ആധിപത്യം പ്രകടമായിരുന്നു.

2025 ഫെബ്രുവരിയിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ മൊത്തം 422,449 യൂണിറ്റുകൾ വിറ്റു. വാർഷിക വളർച്ച കുറഞ്ഞെങ്കിലും വിൽപ്പനയിൽ ഒന്നാമനായി. അതേസമയം, ടിവിഎസ് മോട്ടോർ 2025 ഫെബ്രുവരിയിൽ മൊത്തം 403,976 യൂണിറ്റുകൾ വിറ്റു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.6% വർധനവാണ്. എന്നാൽ ഹീറോ മോട്ടോകോർപ്പ് 388,068 യൂണിറ്റുകൾ വിറ്റു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.2% കുറവാണ്. ബജാജ് ഓട്ടോ 299,418 യൂണിറ്റുകൾ വിറ്റു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.6% കൂടുതലാണ്.

കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പന കണക്കിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ എതിരാളിയായ ഹീറോ മോട്ടോകോർപ്പിന് കനത്ത തിരിച്ചടി നൽകി. ഹോണ്ട 54,04,216 യൂണിറ്റുകൾ (വിൽപ്പന + കയറ്റുമതി) നേടിയപ്പോൾ, ഹീറോ മോട്ടോകോർപ്പ് കയറ്റുമതിയിലും വിൽപ്പനയിലും 53,49,583 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. എങ്കിലും, ആഭ്യന്തര വിൽപ്പന കണക്കിൽ ഹീറോ പോസിറ്റീവ് വളർച്ച കൈവരിച്ചു, പക്ഷേ 478975 യൂണിറ്റുകൾ എന്ന് കണക്കാക്കപ്പെടുന്ന ഹോണ്ടയുടെ കയറ്റുമതി കണക്ക് മറികടക്കാൻ ഹീറോയ്ക്ക് കഴിഞ്ഞില്ല.

അതേസമയം പ്രതിമാസ വിൽപ്പനയിൽ ടിവിഎസ് ഹീറോ മോട്ടോകോർപ്പിനെ മറികടക്കുന്നത് ഇതാദ്യമാണ്. എൻടോർക്ക് സ്കൂട്ടറിന്റെയും അപ്പാച്ചെ മോട്ടോർസൈക്കിളിന്റെയും നിർമ്മാതാക്കൾക്ക് റെക്കോർഡ് പ്രതിമാസ വിൽപ്പനയല്ലെങ്കിലും ടിവിഎസ് ഹീറോ മോട്ടോകോർപ്പിനെ മറികടന്നു. ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് കമ്പനി, എല്ലാ ഇരുചക്ര വാഹന നിർമ്മാതാക്കളിലും ഏറ്റവും വേഗതയേറിയ വളർച്ച രേഖപ്പെടുത്തി. ഫെബ്രുവരിയിൽ ടിവിഎസ് കയറ്റുമതി 26 ശതമാനം വർധിച്ച് 124,993 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 98,856 യൂണിറ്റായിരുന്നു. 

By admin