ഗോഡൗണിൽ നിന്ന് കാണാതായത് ഒരു കോടി രൂപ വിലവരുന്ന മുടി; ബൊലേറോയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസടിവി ക്യാമറകളിൽ
ബംഗളുരു: ബംഗളുരുവിലെ ഒരു ഗോഡൗണിൽ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തിൽ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞു. നോർത്ത് ബംഗളുരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാൾ ഫെബ്രുവരി 12നാണ് ഹെബ്ബാളിൽ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗൺ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി സൂക്ഷിച്ചിരുന്നു. 28ന് അർദ്ധരാത്രി ഒരു ബലോറോ കാർ ഗോഡൗണിന് മുന്നിൽ എത്തുന്നത് സിസിടിവിയിൽ കാണാം. ഇവർ പുറത്തിറങ്ങി ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ലോക്ക് തകർത്ത ശേഷം വാഹനത്തിൽ എടുത്തുവെച്ച് വേഗത്തിൽ ഓടിച്ചുപോകുന്നു.
പരിസരത്തുള്ള ഒരാൾ ഈ സമയത്ത് സ്ഥലത്തെത്തുകയും സംഘം ബാഗുകൾ വാഹനത്തിൽ കയറ്റുന്നത് കാണുകയും ചെയ്തെങ്കിലും ഗോഡൗണിലെ ആളുകൾ തന്നെയായിരിക്കും എന്ന് കരുതി ഇടപെടാതെ വീട്ടിലേക്ക് പോയി. സാധനങ്ങൾ കയറ്റിയവർ തെലുങ്കിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാൾ പറഞ്ഞു. പിന്നീട് അടുത്തെത്തിയ ഒരാൾക്ക് മുടി റോഡിൽ വീണ് കിടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സംഘം സ്ഥലംവിട്ടുകഴിഞ്ഞു.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഗോഡൗണിന്റെ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു. പൊലീസുകാർ പരിസരത്തെ മറ്റ് കടയുടമകളെ അറിയിച്ചു. രാത്രി 1.50നാണ് വെങ്കടസ്വാമി കാര്യം അറിയുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തി. ആകെ 830 കിലോ മുടി ഇവിടെ സംഭരിച്ചിട്ടുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബംഗളുരുവിൽ നിന്ന് ഹൈദരാബാദിലെ ഒരു വ്യവസായിക്കാണ് വെങ്കടസ്വാമി മുടി കൈമാറുന്നത്. അവിടെനിന്ന് മ്യാൻമറിലേക്കും പിന്നീട് ഇത് ചൈനയിലേക്കും എത്തും.
ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾക്ക് കിലോയ്ക്ക് 1000 മുതൽ 2000 രൂപ വരെ കൊടുത്താണ് ഇവർ മുടി വാങ്ങി ഇവിടെ സംഭരിച്ചത്. ചൈനയിൽ ഇവ വിഗ് നിർമിക്കാനായാണ് ഉപയോഗിക്കുന്നത്. നല്ല ഗുണനിലവാരമുള്ള മുടി കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള മുടിയ്ക്ക് വലിയ ഡിമാന്റുണ്ടത്രെ. ഇതേ വ്യാപാര രംഗത്ത് തന്നെ പ്രവർത്തിക്കുന്നവർ ആരെങ്കിലും ആവാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രദേശത്തെ സിസിടിവികളിൽ മോഷ്ടാക്കളുടെയും വാഹനത്തിന്റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമല്ല.