കുട്ടി വേണം എന്ന തീരുമാനം തെറ്റായിപ്പോയോ? പല മാതാപിതാക്കളും ഖേദിക്കുന്നു, ചർച്ചയായി യുവതിയുടെ പോസ്റ്റ്

മാതാപിതാക്കളാവുക എന്നത് ചെറിയ കാര്യമല്ല. അതിനായി നല്ല തയ്യാറെടുപ്പുകൾ വേണം. മാനസികമായും ശാരീരികമായും സാമ്പത്തികമായും നാം കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങേണ്ടതുണ്ട്. എന്നാൽ, എത്രയൊക്കെ പറഞ്ഞാലും ചില മനുഷ്യരെങ്കിലും, കുഞ്ഞ് എന്ന തീരുമാനം യോജിച്ച സമയത്തായിരുന്നില്ല എന്ന് ചിലപ്പോൾ സങ്കടപ്പെടാറുണ്ട്. ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് 32 -കാരിയായ എഴുത്തുകാരിയും കണ്ടന്റ് ക്രിയേറ്ററുമായ ജെസ്സ് ബോൾട്ടൺ. 

എനിക്ക് കുട്ടികൾ വേണോ വേണ്ടയോ എന്നെനിക്കറിയില്ല, പക്ഷേ, എന്റെ ഇൻസ്റ്റാഗ്രാമിൽ അതിനെക്കുറിച്ച് സംസാരിക്കുന്ന നേരത്തെല്ലാം, ആ തീരുമാനത്തിൽ ഖേദിക്കുന്നു എന്നോ, തിരികെ സഞ്ചരിക്കാൻ കഴിയുമായിരുന്നെങ്കിൽ കുഞ്ഞുങ്ങളെന്ന തീരുമാനം എടുക്കാതിരുന്നെനെ എന്നോ പറയുന്ന ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട് എന്നാണ് ജെസ്സ് പറയുന്നത്. കുട്ടി വേണോ എന്ന കാര്യത്തിലുള്ള തന്റെ ആശങ്ക കൂടിയാണ് ജെസ്സ് പങ്കുവയ്ക്കുന്നത്. 

ജെസ്സിന്‍റെ ഇന്‍സ്റ്റഗ്രാം പോളിൽ ഏകദേശം 20 ശതമാനം പേരും കുട്ടികൾ എന്ന തീരുമാനത്തിൽ ഖേദിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അത് അവരോട് സ്നേഹമില്ലാത്തത് കൊണ്ടല്ല. മറിച്ച് കുഞ്ഞുങ്ങളുണ്ടായാൽ  ജീവിതം എത്രത്തോളം മാറുമെന്ന് പൂർണ്ണമായി മനസ്സിലാക്കാതെ എടുത്ത തീരുമാനമായിരുന്നു അത് എന്നത് കൊണ്ടാണ് എന്നും പലരും പറഞ്ഞു. എന്നാൽ, മറ്റ് 80 ശതമാനം പേരും തങ്ങളുടെ തെരഞ്ഞെടുപ്പ് ശരിയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. 

അച്ഛനും അമ്മയും ആകുന്നതിനെ കുറിച്ച് തുറന്ന ചർച്ചകൾ തന്നെ ആവശ്യമാണ് എന്നാണ് ജെസ്സിന്റെ പക്ഷം. ആ​ഗ്രഹിക്കാതെ മാതാപിതാക്കളാവുന്നത് അവരവർക്കും കുഞ്ഞുങ്ങൾക്കും നല്ലതല്ല. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിവുകളുണ്ടാകുന്നത് കൂടുതൽ നല്ല തെരഞ്ഞെടുപ്പുകൾ ഉണ്ടാകുവാൻ കാരണമാകും എന്നും ജെസ്സ് പറയുന്നു. 

എന്തായാലും, ജെസ്സിന്റെ പോസ്റ്റിന് പിന്നാലെയും ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. കുട്ടി വേണം എന്ന തീരുമാനം എടുത്തതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞവരെ വിമർശിച്ചു കൊണ്ട് പലരും കമന്റുകൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും അമ്മ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ, അപൂർവം ചിലർ അങ്ങനെ തോന്നിയിരുന്നു എന്നും സമ്മതിച്ചിട്ടുണ്ട്. 

‘നിങ്ങളുടെ അച്ഛന്‍ ഒരു ഹീറോയാണ്’; ​മരിക്കുന്നതിന് മുമ്പുതന്നെ ‘​ഗുഡ്ബൈ പാർട്ടി’ സംഘടിപ്പിച്ച് കാൻസർ ബാധിതൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin