ആഭരണ തീരുവയിൽ അമേരിക്ക പകരം വീട്ടുമോ? ഭീതിയില്‍ ഇന്ത്യയിലെ രത്ന-സ്വര്‍ണ്ണ ആഭരണ മേഖല

മേരിക്ക തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയിലെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളായ രത്ന സ്വര്‍ണ്ണ ആഭരണ മേഖലയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് രത്ന ആഭരണങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്ന ആഭരണങ്ങള്‍ .  2024 കലണ്ടര്‍ വര്‍ഷത്തില്‍, അമേരിക്കയുടെ മൊത്തം 89.12 ബില്യണ്‍ ഡോളറിന്‍റെ രത്ന, ആഭരണ ഇറക്കുമതിയുടെ 12.99% ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്തതെന്ന് യുഎസ് ഇന്‍റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (യുഎസ്ഐടിസി) കണക്കുകള്‍ പറയുന്നു. 

വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ 85% യുഎസിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ അമേരിക്കയ്ക്ക് ഏര്‍പ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി അമേരിക്ക ഇന്ത്യന്‍ ഇറക്കുമതിക്കുമേലും തീരുവ ചുമത്തുകയാണെങ്കില്‍ രത്ന ആഭരണ കയറ്റുമതിക്ക് 5% മുതല്‍ 20% വരെ തീരുവ ചുമത്താന്‍ സാധ്യതയുണ്ട്, ഇത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയ്ക്ക് തിരിച്ചടിയാകും.50,000 തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരോക്ഷമായും ഈ രംഗം തൊഴില്‍ നല്‍കുന്നുണ്ട്.  പെട്ടെന്നുള്ള താരിഫ് വര്‍ദ്ധനവ് കയറ്റുമതിയെ സാരമായി ബാധിക്കുകയും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന് ജെംസ് & ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പറയുന്നു.

യുഎസില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ 20 ശതമാനം തീരുവ നല്‍കണം. അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ 5.5-7% തീരുവ മാത്രമേ ഈടാക്കുന്നുള്ളൂ.  ഇന്ത്യ കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങള്‍ക്ക് 5% നികുതി ചുമത്തുന്നു, അതേസമയം യുഎസ് ഇതിന് തീരുവ ഈടാക്കുന്നില്ല.  2007 ല്‍ യുഎസ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) ആനുകൂല്യങ്ങള്‍ പിന്‍വലിച്ചപ്പോള്‍, സ്വര്‍ണ്ണാഭരണ കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 50% കുറഞ്ഞ് 2.21 ബില്യണ്‍ ഡോളറില്‍ നിന്ന് 1.01 ബില്യണ്‍ ഡോളറായി കുറഞ്ഞതും സംഘടന ചൂണ്ടിക്കാട്ടുന്നു. 
 

By admin