അസഹ്യമായ തലവേദന, അമിതമായി മരുന്ന് കഴിച്ച് അമ്മ ഉറങ്ങി, പട്ടിണി കിടന്ന് 1 വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
മിസോറി: ഒരു വയസ് പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ. മൈഗ്രേനെ പഴിച്ച് 21കാരിയായ അമ്മ. അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയിൽ പട്ടിണി കിടന്നാണ് ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തലവേദനയ്ക്ക് അമിതമായി മരുന്ന് കഴിച്ച് ഉറങ്ങിയ 21കാരി ഉണർന്നപ്പോൾ കുട്ടി ചലനമറ്റ നിലയിലായിരുന്നു.
43മണിക്കൂറോളമാണ് കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്നത്. സംഭവത്തിൽ അശ്രദ്ധമായി പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്തതിന് 21കാരിയായ അലിസാ വെമെയറിനെ പൊലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇവർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കുട്ടി മരിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലാണ് യുവതിയുടെ അശ്രദ്ധ പുറത്ത് വന്നത്.
കുട്ടിയുടെ ചുണ്ട് നീല നിറത്തിലായെന്നും ചലിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് യുവതി പൊലീസ് സഹായം തേടിയത്. കടുത്ത തലവേദന നിമിത്തം തൊട്ടിലിന് അടുത്തേക്ക് പോവാൻ സാധിച്ചിരുന്നില്ലെന്നായിരുന്നു യുവതി പൊലീസിനോട് വിശദമാക്കിയത്. ഡയപ്പർ ദീർഘ നേരത്തേക്ക് മാറ്റാത്തതിനേ തുടർന്ന് ശരീരത്തിൽ ചുവന്ന തടിപ്പുകളും ദൃശ്യമായിരുന്നു.
പ്രസവത്തേതുടർന്ന് രക്തസ്രാവം, നെടുങ്കണ്ടത്ത് ഡോക്ടറും നവജാത ശിശുവും മരിച്ചു
മൈഗ്രേനുള്ള മരുന്ന് കഴിച്ച ശേഷം ഉറങ്ങിയ താൻ എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടി ചലനമറ്റ നിലയിൽ ആയിരുന്നതായാണ് യുവതി അവകാശപ്പെടുന്നത്. ഒന്നിലേറെ ഗുളികകൾ കഴിച്ചതായും ഇവർ വിശദമാക്കിയിട്ടുണ്ട്. അശ്രദ്ധമൂലമുള്ള ശിശു മരണത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.