ഐസിസി ടൂര്‍ണമെന്റുകളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം കൈവിടുന്ന പതിവ് ഇത്തവണയും ദക്ഷിണാഫ്രിക്ക ആവര്‍ത്തിച്ചു. സെമി ഫൈനലില്‍ ഒരു ഘട്ടത്തില്‍ പോലും ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനാകാതെ 50 റണ്‍സിന് ദക്ഷിണാഫ്രിക്ക കീഴടങ്ങി. ബാറ്റിങിലും ബൗളിങിലും സര്‍വാധിപത്യം പുറത്തെടുത്തായിരുന്നു കീവീസിന്റെ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
363 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ ശുഭകരമല്ലായിരുന്നു. 12 പന്തില്‍ 17 റണ്‍സ് മാത്രമെടുതത് ഓപ്പണര്‍ റിയാന്‍ റിക്കല്ട്ടണ് ആദ്യമേ കൂടാരം കയറി. മാറ്റ് ഹെന്റിയുടെ പന്തിലാണ് റിക്കല്ട്ടണ് പിഴച്ചത്. പന്ത് നേരെ ചെന്ന് വീണത് മൈക്കല്‍ ബ്രേസ്വെല്ലിന്റെ കൈകളിലേക്ക്.
രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമയും, റാസി വാന്‍ ഡെര്‍ ഡസനും നങ്കൂരമിടാന്‍ ശ്രമിച്ചു. ദക്ഷിണാഫ്രിക്കയെ ഇരുവരും കരകയറ്റുമെന്ന് തോന്നിപ്പിച്ചിടത്ത് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ വീണ്ടും ആഞ്ഞടിച്ചു. 71 പന്തില്‍ 56 റണ്‍സുമായി ബാവുമ പുറത്ത്. ദക്ഷിണാഫ്രിക്കന്‍ നായകനെ വീഴ്ത്തിയത് കീവിസ് നായകനായ മിച്ചല്‍ സാന്റ്നറായിരുന്നു. ക്യാച്ചെടുത്ത് കീവിസിന്റെ മുന്‍ നായകന് കെയ്ന്‍ വില്യംസണും.
സാന്റ്നര്‍ അതുകൊണ്ടും അടങ്ങിയില്ല. വാന്‍ ഡര് ഡസനെ ഉജ്ജ്വലമായ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളിലേക്ക് സാന്റ്നര്‍ വീണ്ടും ആണിയടിച്ച് കയറ്റി. 66 പന്തില്‍ 69 റണ്‍സെടുത്തായിരുന്നു വാന്‍ ഡര് ഡസന്റെ മടക്കം
ഡേവിഡ് മില്ലര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തകര്‍ത്തടിച്ച മില്ലര്‍ 67 പന്തില്‍ സെഞ്ചുറി തികച്ചു. 29 പന്തില്‍ 31 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമും തരക്കേടില്ലാതെ ബാറ്റ് വീശി. മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ആരില്‍ നിന്നും പോരാട്ടത്തിന്റെ ചെറുവീര്യം പോലും കാണാനായില്ല. പിന്നീടെല്ലാം ചടങ്ങ് കഴിക്കുംപോലെയായിരുന്നു. ക്രീസിലേക്ക് എത്തിയവരെല്ലാം വന്ന പോലെ മടങ്ങി.
ഒടുവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 312 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു. ന്യൂസിലന്‍ഡ് നേരെ ഫൈനലിലേക്കും. ന്യൂസിലന്‍ഡിനു വേണ്ടി സാന്റ്നര്‍ മൂന്ന് വിക്കറ്റും, ഹെന്റിയും ഫിലിപ്സും രണ്ട് വിക്കറ്റ് വീതവും, ബ്രേസ്വെല്ലും, രചിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
101 പന്തില്‍ 108 റണ്‍സെടുത്ത രചിന് രവീന്ദ്ര, 94 പന്തില്‍ 102 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്, 37 പന്തില്‍ 49 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, പുറത്താകാതെ 27 പന്തില്‍ 49 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 362 റണ്‍സ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യയോട് മാത്രമാണ് ന്യൂസിലന്‍ഡ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
Cricket
evening kerala news
eveningkerala news
eveningnews malayalam
LATEST NEWS
malayalam news
Sports
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത