നിലമ്പൂർ: മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങി. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപമാണ് കടുവയും യുവാവും റോഡിൽ നേർക്കുനേർ കണ്ടത്. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവക്ക് മുന്നിൽ പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്ന് ജെറിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജെറിൻ സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്ര. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് സംഭവം. യാദൃശ്ചികമായാണ് കടുവയെ കണ്ടത്. ജീപ്പിന്റെ വെളിച്ചത്തിൽ കടുവയെ വ്യക്തമായി കാണാനായെന്ന് ജെറിൻ പറഞ്ഞു.
കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടത്, ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്ന് ജെറിൻ പറയുന്നു. കടുവയെ റോഡിൽ ആണ് ആദ്യം കണ്ടത്. കടുവയെ കണ്ട് പേടി തോന്നിയെങ്കിലും വാഹനം നിർത്തി എന്ത് സംഭവിക്കുമെന്ന് നോക്കി. പിന്നാലെ കടുവ റോഡ് ക്രോസ് ചെയ്ത് റോഡരികിൽ വന്ന് കിടന്നു.ആദ്യം പെട്ട് പോയെന്നാണ് കരുതിയത്. ജീപ്പ് തിരിക്കാനോ, വേഗതയിൽ മുന്നോട്ട് പോകാനോ പറ്റുന്നറോഡല്ലായിരുന്നു. എന്നാൽ കുറച്ച് സമയം നോക്കി നിന്ന ശേഷം കടുവ കാട്ടിലേക്ക് മറിഞ്ഞു. ഇതോടെ തങ്ങൾ യാത്ര തുടർന്നുവെന്ന് ജെറിൻ പറയുന്നു.
വീഡിയോ കാണാം
Read More : ആരും സംശയിക്കില്ല, ആഡംബര കാറുകളിൽ കേരള അതിർത്തിയിൽ എത്തിക്കും; തലസ്താനത്ത് ചില്ലറ വിൽപ്പന; യുവാവ് പിടിയിൽ