10 മിനിറ്റിനുള്ളിൽ എത്തി, മുത്തച്ഛന്റെ ജീവൻ രക്ഷിച്ചു; ആംബുലൻസ് സർവീസിനെ കുറിച്ച് യുവതിയുടെ പോസ്റ്റ്
എന്തെങ്കിലും വയ്യാതെയായാൽ പെട്ടെന്ന് ആശുപത്രികളിലെത്തിക്കുക, ചികിത്സ കിട്ടുക എന്നത് വളരെ പ്രധാനമാണ്. മരണമാണോ, ജീവിതമാണോ എന്ന് അറിയാത്ത ആ സാഹചര്യത്തിൽ നമുക്ക് കിട്ടുന്ന ചികിത്സ ആയിരിക്കും ഒരുപക്ഷേ നമ്മുടെ ജീവൻ കാക്കുന്നത്. അതുപോലെയുള്ള അനുഭവം അടുത്തിടെ ഗുരുഗ്രാമിൽ നിന്നുള്ള ഒരു യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി.
ബ്ലിങ്കിറ്റിന്റെ 10 മിനിറ്റ് ആംബുലൻസ് സർവീസ് എങ്ങനെയാണ് തന്റെ മുത്തച്ഛന്റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്. കോമൾ കടാരിയ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ബ്ലിങ്കിറ്റ് ആംബുലൻസിന്റെ സർവീസ് കിട്ടിയ ശേഷം മെഡിക്കൽ സർവീസുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പൂർണമായും മാറിയത് എങ്ങനെയാണ് എന്നും ഇവർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
തന്റെ മുത്തശ്ശന് വളരെ അത്യാവശ്യമായി മെഡിക്കൽ സഹായം ആവശ്യമുണ്ടായിരുന്നു. അങ്ങനെ ബ്ലിങ്കിറ്റ് ആംബുലൻസ് വിളിച്ചു. ഒരുപാട് നേരം കാത്തിരിക്കേണ്ടി വരുമെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നുമാണ് താൻ കരുതിയത്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ ആംബുലൻസ് എത്തി. ബിപി, ഷുഗർ, ഓക്സിജൻ ലെവൽ എന്നിവയൊക്കെ പരിശോധിച്ചു.
ആശുപത്രിയിൽ എത്തിയപ്പോൾ വെറുതെ അവിടെ ആക്കിയിട്ട് പോവുകയല്ല ചെയ്തത്. അവർ ഡോക്ടർ വരുന്നതുവരെ കാത്തുനിന്നു. ഡോക്ടറെ വിശദമായി മുത്തച്ഛന്റെ അവസ്ഥയെ കുറിച്ച് അറിയിച്ചു. ശേഷമാണ് അവർ പോയത്. വളരെ പ്രൊഫഷണലായ, മികച്ച പെരുമാറ്റമായിരുന്നു അവരുടേത് എന്നാണ് കോമൾ കടാരിയ കുറിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സൊമാറ്റോയുടെ സ്ഥാപകൻ ദീപീന്ദർ ഗോയലും പോസ്റ്റിന് കമന്റ് നൽകി. തങ്ങളുടെ സർവീസിന് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, മുത്തച്ഛന് എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.