ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പും ഈ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പരമോന്നത കോടതി, ഈ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുമുണ്ട്.
നോട്ടീസ് നല്‍കാതെ, പോസ്റ്റുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഐടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്ററാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ് സിംഗാണ്‌ ഹര്‍ജിക്കാര്‍ക്കായി ഹാജരായത്. പോസ്റ്റിട്ട വ്യക്തിയെ അല്ലെങ്കില്‍ അക്കൗണ്ടിന്റെ ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിയുന്നെങ്കില്‍ നോട്ടീസ് നല്‍കണം’ -ജസ്റ്റിസ് ഗവായ് പറഞ്ഞു. ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇടനിലക്കാരന് (എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലെ) മാത്രം നോട്ടീസ് നല്‍കുമ്പോള്‍, നിയമത്തില്‍ നിര്‍വചിച്ച, അതിന്റെ പ്രഭവ കേന്ദ്രമായ ഉപയോക്താവിന് അറിയിപ്പ് നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഇന്ദിര ജെയ്‌സിംഗ് വാദിച്ചു.
ഐടി ആക്ടിന്റെ സെക്ഷന്‍ 69 എ പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ചില പോസ്റ്റുകള്‍/വിവരങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടാനുള്ള അധികാരത്തെയല്ല, മറിച്ച് അത് അതവരിപ്പിപ്പിച്ച വ്യക്തിക്ക് നോട്ടീസ് നല്‍കാതിരിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇന്ദിര ജെയ്‌സിംഗ് വ്യക്തമാക്കി.
‘നോട്ടീസ് നല്‍കാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ട, നിയമങ്ങള്‍ പ്രകാരം തിരിച്ചറിയാവുന്ന ഏതൊരു വ്യക്തിക്കും ഇത് ചോദ്യം ചെയ്ത് പരാതിപ്പെടാം. അതായത് തിരിച്ചറിയാന്‍ കഴിയുന്ന വ്യക്തിയാണെങ്കില്‍ നോട്ടീസ് നല്‍കിയിരിക്കണം. മറിച്ചാണെങ്കില്‍ ഇടനിലക്കാരന് (പ്രസ്തുത സമൂഹ മാധ്യമത്തിന്) നോട്ടീസ് നല്‍കണം’ – ജസ്റ്റിസ് ഗവായ് വിശദീകരിച്ചു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *