രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയിൽ ബൈക്കോടിച്ചു; രക്ഷിക്കാൻ ശ്രമിക്കവെ അപകടം, നാല് പേർക്ക് ദാരുണാന്ത്യം

കോലാർ: രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയിൽ ഓടിച്ചുവന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കവെയുണ്ടായ കാറപകടത്തിൽ നാല് പേർ മരിച്ചു. ബംഗളുരു-ചെന്നൈ എക്സ്പ്രസ് വേയിൽ കോലാർ ജില്ലയിലെ കുപ്പനഹള്ളിയിലായിരുന്നു സംഭവം. രാത്രി 11.45നാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് വയസുള്ള ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

തെറ്റായ ദിശയിൽ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കെജിഎഫ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്നോവ കാറും വിപരീത ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയും ചെയ്തു. ഇന്നോവയിലുണ്ടായിരുന്ന മഹേഷ് (55), രത്നമ്മ (60), ഉദിത (3) എന്നിവരും ബൈക്ക് ഓടിച്ചിരുന്ന ശ്രീനാഥും (30) മരിച്ചു. ഇന്നോവയിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ ഗർഭിണിയാണ്.

ബംഗളുരുവിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് ഇന്നോവയിൽ മടങ്ങിവരുന്നതിനിടെ എക്സ്പ്രസ് വേയിൽ വെച്ച് വിപരീത ദിശയിൽ ബൈക്ക് വരുന്നത് കണ്ടു. നല്ല വേഗത്തിൽ തെറ്റായ ദിശയിലൂടെ വന്ന ബൈക്കിനെ രക്ഷിക്കാൻ ഇവർ വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു. റോഡിൽ ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നതും അപകടത്തിൻന് ആക്കം കൂട്ടി. അപകടത്തിന്റെ ആഘാതത്തിൽ ഇന്നോവ സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് മറ്റൊരു വശത്തേക്കും വീണു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin