ഭാവിയിൽ അന്താരാഷ്ട്ര യാത്രാരേഖയായും ഉപയോഗിക്കാം, പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ ബഹ്റൈനിൽ പുറത്തിറങ്ങി
മനാമ: ബഹ്റൈനിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ പുറത്തിറങ്ങി. ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പുകൾ കാർഡുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസെഷന്റെ ആഗോള മാനദണ്ഡങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര യാത്രാരേഖയായി ഈ കാർഡുകൾ ഉപയോഗിക്കാൻ കഴിയും. കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി നടത്തിയ വാർത്ത സമ്മേളനത്തിലാണ് പുതിയ കാർഡുകൾ പുറത്തിറക്കിയത്. ഇതോടെ തിരിച്ചറിയൽ കാർഡുകളിൽ ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പുകൾ അവതരിപ്പിക്കുന്ന ആദ്യ ജിസിസി രാജ്യമായി ബഹ്റൈൻ മാറും.
പുതിയ ചിപ്പിൽ ബയോമെട്രിക്, തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ഏത് രാജ്യത്ത് പോയാലും അവിടങ്ങളിൽ ലഭ്യമാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖായിദ് അറിയിച്ചു. നിലവിൽ യാത്രാരേഖകളായി ഈ സ്മാർട്ട് കാർഡുകളെ ഉപയോഗിക്കരുതെന്നും പാസ്പോർട്ടുകൾ കൈവശം വെക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രധാന രേഖകളായി ഭാവിയിൽ സ്മാർട്ട് കാർഡുകൾ ഉപയോഗപ്പെടുത്താമെന്നും അൽ ഖായിദ് അറിയിച്ചു.
read more: ബിഗ് ടിക്കറ്റ്: 20 മില്യൺ ദിർഹം ബംഗ്ലാദേശിക്ക്, സമ്മാനം 14 പേരുമായി പങ്കിടും
രാജ്യത്തിന്റെ ആധുനിക ലാൻഡ്‌മാർക്കുകളെയും സാംസ്കാരിക സ്വത്വത്തെയും പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ, സെയിൽ സ്മാരകം, സമുദ്ര ചരിത്രം പ്രതിഫലിപ്പിക്കുന്ന അടയാളങ്ങൾ തുടങ്ങിയവ കാർഡിന്റെ പ്രതലങ്ങളിൽ കാണാം. കാർഡുകളുടെ വ്യാജ പതിപ്പുകൾ നിർമിക്കുന്നത് തടയാനായി ലേസർ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. കാർഡുകൾ ദീർഘ കാലം കേടുപാടുകൾ കൂടാതെ നില നിർത്തുന്നതിനായി പോളി കാർബണേറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് പുതിയ സ്മാർട്ട് കാർഡുകൾ ലഭ്യമാകുന്നത് അവരുടെ നിലവിലെ സിപിആറുകൾ കാലഹരണപ്പെടുന്നത് അനുസരിച്ചായിരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.