കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഇടുക്കി, ചെറുതോണിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ഷൂട്ട് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. ഡിസംബര്‍ ഒന്നാം തീയതി മലമ്പുഴയിലാണ് എമ്പുരാന് പാക്കപ്പ് ആയത്.
രണ്ട വര്‍ഷത്തിലേറെ നീണ്ട ഷൂട്ടിന് ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതെന്ന് പൃഥ്വി പോസ്റ്റില്‍ പറയുന്നുണ്ട്. വളരെ പരിശ്രമങ്ങള്‍ നിറഞ്ഞ ഒരു സിനിമയായിരുന്നു ഇതെന്ന് പൃഥ്വിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്.
ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധയുടെ നിര്‍മ്മാണം. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ അവസാന ഷെഡ്യൂളിലാണ് ചിത്രീകരിച്ചത്. ചെറുതോണിക്ക് പുറമെ മറയൂരിലും വിലായത്ത് ബുദ്ധ ചിത്രീകരിച്ചു.
മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്കരന്‍ മാഷും ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച ഒരു പ്രതികാരത്തിന്‍റെ ഭാഗം കൂടിയാവുകയാണ്. രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥാവികസനം.
ഷമ്മി തിലകനാണ് ഭാസ്കരന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു മോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ്, രണദിവെ, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ബംഗ്ളാൻ, മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് സുധാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ
അസോസിയേറ്റ് ഡയറക്ടേഴ്സ് വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്, പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ്ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് രാജേഷ് മേനോൻ, നോബിൾ ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ സിനറ്റ് സേവ്യർ.