ആയുധമാക്കിയത് ഫോൺ ചാർജർ കേബിൾ, ഹിമാനിയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്; മാലയും മോതിരവും മോഷ്ടിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ സച്ചിനെന്ന് പൊലീസ്. ഫോൺ ചാർജറിന്‍റെ കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. ഹിമാനിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഫോൺ ചാർജറിന്‍റെ കേബിൾ ഉപയോഗിച്ച് ഹിമാനിയെ സച്ചിൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണ്ണ മാലയും മോതിരവും പ്രതി മോഷ്ടിച്ചു. ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

22 കാരിയായ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട് കേസിൽ കണ്ടെത്തി, അന്വേഷണം ഊർജിതം

റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ ദിവസമാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. റോഹ്തക് – ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു 22 കാരിയായ ഹിമാനി നർവാൾ.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്ത് ശ്രദ്ധ നേടിയ യുവ നേതാവായിരുന്നു ഹിമാനി. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു ഹിമാനി. മകളുടെ കൊലപാതകിയെ പിടികൂടും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് അമ്മ സവിത ഇന്നലെ വ്യക്തമാക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലെ ഹിമാനിയുടെ രാഷ്ട്രീയ വളർച്ചയിൽ ചിലർക്ക് അസൂയയുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞിരുന്നു. പാർട്ടിക്കുള്ളിലുള്ളവരോ പുറത്തുള്ളവരോ ആകാം മകളെ കൊലപ്പെടുത്തിയതെന്നും അമ്മ പറഞ്ഞിരുന്നു. 

വിശദ വിവരങ്ങൾ ഇങ്ങനെ

ഒന്നര വർഷമായി പ്രതി സച്ചിനും ഹിമാനി നർവാളം തമ്മിൽ പരിചയപ്പെട്ടിട്ട്. സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സംഭവദിവസം ഹിമാനിയുടെ റോഹ്ത്ക്കലെ വീട്ടിലെത്തിയ പ്രതി ഹിമാനിയുമായി വഴക്കിട്ടു. ഇരുവർക്കും ഇടയിലെ സാമ്പത്തിക ഇടപാടുകളാണ് വഴക്കിലേക്ക് നയിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് പ്രതി ഹിമാനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും ലാപ്ടോപ്പും പ്രതി കൈക്കലാക്കി. പിന്നീടാണ് ഹിമാനിയുടെ വീട്ടിൽ തന്നെയുണ്ടായിരുന് സ്യൂട്ട് കേസിലാക്കി മൃതദേഹം സാപ്ലയിലെ ബസ്റ്റാന്റിന് സമീപം ഉപേക്ഷിക്കുന്നത്. ഹിമാനിയുടെ ഫോൺ രേഖകളും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. ദില്ലിയിൽ നിന്നാണ് സച്ചിൻ പൊലീസ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിലെ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്ന ഹിമാനി നർവാളിന്റെ കൊലപാതകം ഹരിയാനയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin