തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ പിതാവ് അബ്ദുൽ റഹീം പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യതയുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് റഹീം പറഞ്ഞു.
ബാങ്ക് വായ്പയും ഒരു ബന്ധുവിന്റെ കൈയിൽനിന്നു വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം അറിയാം. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ നാലു മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി വീട്ടിലേക്ക് വിളിക്കാറില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ച് അറിയില്ല.
അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യം അറിയാമായിരുന്നു. പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തിൽനിന്നു എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് അയച്ചിരുന്നെന്നും റഹീം പറഞ്ഞു.
കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ കടബാധ്യതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഷെമി ചിട്ടി നടത്തി പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രയാസം പരിഹരിക്കാൻ വേണ്ടിയാണ് ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്‍റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ, പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി.
ഏഴുവർഷം നീണ്ട പ്രവാസത്തിന്‍റെ സങ്കടക്കടലിൽനിന്ന് റഹീം വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. അഫാന്‍റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. വല്ല്യുമ്മ സൽമാബീവിയോട് ഒരുവാക്കുപോലും സംസാരിക്കാൻ നിൽക്കാതെ തലയ്ക്കടിച്ചെന്നാണ് മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് വിരോധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് വല്ല്യുമ്മ കുറ്റപ്പെടുത്തുമായിരുന്നത്രെ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. രാവിലെ ഉമ്മയെ ആക്രമിച്ചശേഷം നേരെ വല്ല്യുമ്മയുടെ വീട്ടിൽ പോയത് അതുകൊണ്ടാണ്. ഉമ്മ മരിച്ചെന്നാണ് കരുതിയത്. വല്ല്യുമ്മയുടെ വീട്ടിലെത്തിയ ഉടൻ ചുറ്റികകൊണ്ട് തലക്കടിച്ചു. തുടർന്ന് ഒന്നരപ്പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയംവെച്ച് 74,000 രൂപ വാങ്ങി. 40,000 രൂപ കടം വീട്ടിയശേഷം വാപ്പയുടെ സഹോദരന്റെ വീട്ടിലേക്ക് പോയി.
അഫാന്റെ അറസ്റ്റിനു മുമ്പ് നടന്ന ചോദ്യംചെയ്യലിൽ പാങ്ങോട് സി.ഐയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൊല്ലണമെന്ന ഉദ്ദേശ്യത്തിലാണ് സൽമാബീവിയുടെ വീട്ടിൽ എത്തിയതെന്നും അഫാൻ പറയുന്നു. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തുപറയുമെന്ന് കരുതിയാണ് അവരെ കൊലപ്പെടുത്തിയത്.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *