തിരുവനന്തപുരം: ലഹരി തെറ്റാണ്, തെറ്റിനെ തെറ്റായി തന്നെ കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ പ്രതികരണം. തെറ്റിനെ ന്യായീകരിക്കരുത്, നിയമം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. മാനവീയം വീഥിയിൽ വെച്ച് നടത്തിയ പരിപാടിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
നിയമത്തിനെതിരായ ആഹ്വാനങ്ങൾക്ക് സ്വീകാര്യത കിട്ടുന്ന രീതി ഒഴിവാക്കണം. ലഹരിയും ജീവിതവും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈവത്തോണിൽ നിരവധി പേരാണ് പങ്കെടുത്ത് സംസാരിച്ചത്. ലഹരിക്കെതിരെ ഏഷ്യാനെറ്റ് നടത്തുന്ന ഇത്തരം ഒരു ക്യാമ്പയിൻ മികച്ചതാണെന്ന് ഗവർണ്ണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഗവർണ്ണർ പറഞ്ഞു. കേരളത്തിൽ ഇത്തരം അക്രമങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്നു. ഒപ്പം ഇത് വേദനാജനകവുമാണ്. അക്രമങ്ങൾക്ക് ഒന്നല്ല കാരണമെന്നും പല തരം പ്രശ്നങ്ങളാണെന്നും ഗവർണ്ണർ പറഞ്ഞു.
അതിക്രമങ്ങൾക്ക് എതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം. അതിക്രമങ്ങൾ തടയാൻ നടപടി എടുക്കാൻ വിസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ് ഭവനും വേണ്ട നടപടി സ്വീകരിക്കും. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട നടപടി പോരാ. സർക്കാരുമായി സംസാരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിക്കണമെന്നും ഗവർണ്ണർ പറഞ്ഞു.