അഞ്ചുവയസ്സുകാരൻ ആദിലിന് ചോറ് കാണുന്നത് തന്നെ ദേഷ്യമാണ്. എത്ര വിശന്നിരിക്കുകയാണെങ്കിലും ചോറാണ് കഴിക്കാൻ നൽകുന്നതെങ്കിൽ അവൻ മണിക്കൂറുകളോളം അതു കഴിക്കാതെ വിശന്നിരിക്കും. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട പൊറോട്ടയോ ബിരിയാണിയോ ഒക്കെ മുന്നിലെത്തുന്നതുവരെ അവൻ ആ നിരാഹാരം തുടരും.
അതേസമയം 12 വയസ്സുകാരി ദേവനന്ദയ്ക്ക് ഭക്ഷണസാധനങ്ങളിൽ കാണുന്ന കടുകാണ് വില്ലൻ. തനിക്കു മുൻപിൽ എത്തുന്ന ഭക്ഷണങ്ങളിൽ കടുക് കണ്ടാൽ അവൾ അസ്വസ്ഥയാകും. പിന്നെ ആ കടുക് മുഴുവൻ പെറുക്കി മാറ്റിക്കഴിഞ്ഞാൽ മാത്രമേ അവൾ ആ ഭക്ഷണം കഴിക്കു.
എന്നാൽ ഒൻപതുകാരൻ അഭിജിത്തിന്, ചില കറികളുടെ നിറമാണ് പ്രശ്നം. മഞ്ഞ, വെള്ള തുടങ്ങിയ ഇളം നിറങ്ങളിലുള്ള കറികൾ കണ്ടാൽ അവൻ അപ്പോൾ തന്നെ ഓക്കാനിക്കും.
ഈ അവസ്ഥകൾ കേട്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? നിങ്ങളുടെ മക്കളും ഇത്തരത്തിലുള്ള ഇഷ്ടാനിഷ്ടങ്ങൾ ഭക്ഷണകാര്യത്തിൽ പ്രകടിപ്പിക്കുന്നവരാണോ? എങ്കിൽ, ആ രീതികൾ മാറാൻ അവരെ ശാസിച്ചത് കൊണ്ടോ, വിശക്കുന്നെങ്കിൽ കഴിക്ക് എന്ന് പറഞ്ഞ് അവഗണിച്ചത് കൊണ്ടോ കാര്യമില്ല.കാരണം ഇത്തരത്തിലുള്ള പതിവുകൾ Avoidant/Restrictive Food Intake Disorder (ARFID) പോലുള്ള ഭക്ഷണ വ്യതിയാന രോഗങ്ങളുടെ ലക്ഷണങ്ങളാകാം. മാതാപിതാക്കളുടെ കൃത്യമായ ഇടപെടലും പ്രൊഫഷണൽ സഹായവും ആവശ്യമായ ഈ രോഗാവസ്ഥകളെ ഗൗരവകരമായി തന്നെ പരിഗണിക്കേണ്ടതാണ്. കാരണം ഭക്ഷണം കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കു മാത്രമല്ല ബൗദ്ധിക വികാസത്തിനും ആവശ്യമാണ്. ഭക്ഷണത്തിൻറെ കുറവ് ശരീരത്തെ ദുർബലമാക്കുന്നതോടൊപ്പം തന്നെ അവരുടെ സാമൂഹിക ജീവിതത്തെയും ബാധിക്കും.
കുട്ടികളിലെ ഭക്ഷണ വ്യതിയാന രോഗങ്ങളെ കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ പലപ്പോഴും വൈറ്റമിൻ, കാൽസ്യം, അയൺ എന്നിങ്ങനെയുള്ള പോഷകാഹാരക്കുറവിൽ മാത്രമായി അത് ലഘൂകരിക്കപ്പെടാറുണ്ട്. എന്നാൽ കുട്ടികളിൽ കണ്ടുവരുന്ന ഭക്ഷണ വ്യതിയാന രോഗങ്ങൾ അതിനേക്കാൾ വൈവിധ്യമാർന്നതാണ് എന്നാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലൊപ്മെന്റ് സെന്ററായ പ്രയത്നയുടെ സ്ഥാപകനും സീനിയർ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുമായ ഡോക്ടർ ജോസഫ് സണ്ണി കുന്നശ്ശേരി പറയുന്നത്. അടുത്തകാലത്തായി ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്നും പലപ്പോഴും മാതാപിതാക്കളുടെ കൃത്യമായ ഇടപെടൽ ലഭിക്കാതെ വരുന്നത് ഇത്തരം അവസ്ഥകളെ സങ്കീർണ്ണം ആക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് അവരുടെ മാനസികാരോഗ്യത്തിനു കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ചികിത്സയാണ് ഉറപ്പാക്കേണ്ടതെന്നും ഡോക്ടർ ജോസഫ് സണ്ണി പറയുന്നു.
ശ്രദ്ധിക്കേണ്ട ചില ഭക്ഷണ വ്യതിയാന രോഗങ്ങൾ
1. Avoidant/Restrictive Food Intake Disorder (ARFID)
* ചില ഭക്ഷണങ്ങൾ മാത്രം പ്രത്യേകമായി തിരഞ്ഞെടുത്തു കഴിക്കുക
* ഭക്ഷണങ്ങളുടെ രുചി, ഘടന, മണം തുടങ്ങിയ കാര്യങ്ങൾക്ക് അമിതമായി പ്രാധാന്യം നൽകുക
* ഭക്ഷണം കഴിക്കാൻ തീരെ താല്പര്യം പ്രകടിപ്പിക്കാതിരിക്കുക
* ഓക്കാനം, വിക്കൽ തുടങ്ങിയ തുരാനുഭവങ്ങൾ ഭയന്ന് ഭക്ഷണം ഒഴിവാക്കുക
* ഇത് കുട്ടികളുടെ മോശം ശാരീരിക വളർച്ചയ്ക്കും പോഷകാഹാരക്കുറവിനും കാരണമാകും.
2. അനോറെക്സിയ നെർവോസ(Anorexia Nervosa ) (Early-Onset)
*ശരീരഭാരം കുറയ്ക്കാനായി കടുത്ത ഭക്ഷണ നിയന്ത്രണം
*7-8 വയസ്സിൽ പോലും ഈ രോഗം കണ്ടുവരാം
*തടി കൂടുമോ എന്ന ഭയത്തിൽ പട്ടിണി കിടക്കുക, അമിതമായി വ്യായാമം ചെയ്യുക, ഭക്ഷണം കഴിച്ചാൽ അവ ഛർദിച്ചു കളയാൻ ശ്രമിക്കുക
3.ബുലിമിയ നെർവോസ( Bulimia Nervosa) (കുട്ടികളിൽ അപൂർവ്വം)
*കൂടുതലായി ഭക്ഷണം കഴിച്ച ശേഷം അത്യധികം വ്യായാമം
*കൗമാരക്കാരിൽ വളരെ അപൂർവ്വമായി കണ്ടുവരും
* ഭക്ഷണത്തോടുള്ള അമിത ആസക്തിയും വണ്ണം വയ്ക്കുമോ എന്നുള്ള ഭയവും ആണ് ഈ അവസ്ഥയ്ക്ക് കാരണം .
4. പൈക്ക( Pica)
*ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കൾ (മണ്ണ്, പേപ്പർ, ക്രയോൺ, സോപ്പ് തുടങ്ങിയവ) കഴിക്കുന്ന അവസ്ഥ
* ചെറിയ കുട്ടികളിലും വികാസ വൈകല്യമുള്ളവരിലും സാധാരണമാണ്
5. ബിഞ്ച് ഈറ്റിംഗ് ഡിസോഡർ(Binge Eating Disorder) (BED)
* കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുക.
* കഴിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ മാനസികമായി അലട്ടുക.
എങ്ങനെ തിരിച്ചറിയാം?
കുട്ടികളിൽ ഭക്ഷണ വ്യതിയാന രോഗങ്ങൾ മനസ്സിലാക്കുന്നത് ഏറെ വെല്ലുവിളികളുള്ള കാര്യമാണ്. പല രക്ഷിതാക്കളും “പിക്കി ഈറ്റിംഗ്” (കുട്ടികൾക്ക് ഉള്ള സാധാരണ ഭക്ഷണ ഇഷ്ടങ്ങൾ) എന്ന രീതിയിൽ ഇത് അവഗണിച്ചേക്കാം. എന്നാൽ ചില സൂചനകൾ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്:
1. ഭക്ഷണത്തിൽ അമിത തിരഞ്ഞെടുപ്പ് – പതിവായി ചില ഭക്ഷണങ്ങൾ മാത്രം കഴിക്കുക.
2. ഭക്ഷണ സമയത്ത് ഭയക്കുക, വിക്കുമോ, ഛർദിയുണ്ടാകുമോ എന്ന പേടി
3. ഭക്ഷണത്തെക്കുറിച്ച് അമിതമായ ചിന്ത – ശരീരഭാരം, ആരോഗ്യകരമായ ഭക്ഷണം എന്നിവയിൽ അനാവശ്യ ശ്രദ്ധ
4. ഭക്ഷണം മറയ്ക്കൽ, കളയൽ, അല്ലെങ്കിൽ ഭക്ഷണ സമയം ഒഴിവാക്കാൻ ശ്രമിക്കൽ
5. സാമൂഹികമായി പിൻവാങ്ങൽ – കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ മടി കാണിക്കുക.
6. അനാവശ്യമായ ഭാരം കുറയൽ അല്ലെങ്കിൽ ശരീരവളർച്ചയിൽ വൈകല്യം
ഈ ലക്ഷണങ്ങൾ തുടർച്ചയായും ദൈനംദിനജീവിതത്തെ ബാധിക്കുന്ന രീതിയിലും കണ്ടാൽ, ഒരു വിദഗ്ദ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണ വ്യതിയാന രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ
1. ജനിതക സ്വഭാവം: കുടുംബത്തിൽ ഭക്ഷണ വ്യതിയാന രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കുട്ടികൾക്കും സാധ്യത കൂടുതലാണ്.
2. രക്ഷിതാക്കളുടെ സമീപനം: അമ്മയോ അച്ഛനോ ഭക്ഷണത്തെയും ശരീരഭാരത്തെയും കുറിച്ച് എങ്ങനെ സംസാരിക്കുന്നു എന്നതും കുട്ടികൾക്കു വലിയ സ്വാധീനം ചെലുത്തും.
3. മാനസിക ആരോഗ്യ പ്രശ്നങ്ങൾ: വിഷാദം, അലസത, perfectionism, Obsessive-Compulsive Disorder (OCD) എന്നിവയും ബാധകരമാണ്.
4. സാമൂഹിക സമ്മർദ്ദം: സ്കൂളിൽ ബുള്ളിയിങ്, കൂട്ടുകാരുടെ പ്രതികരണങ്ങൾ, സോഷ്യൽ മീഡിയ സ്വാധീനം എന്നിവ കാരണം കുട്ടികൾ ഭക്ഷണം നിയന്ത്രിക്കാനായോ താത്പര്യം കുറയ്ക്കാനായോ ശ്രമിക്കുന്നത്.
5. സെൻസറി പ്രശ്നങ്ങൾ: ഭക്ഷണത്തിന്റെ ഘടന, മണം, രുചി എന്നിവയ്ക്ക് അമിത പ്രാധാന്യം നൽകുക
ഇടപെടൽ അത്യാവശ്യം
ഭക്ഷണ വ്യതിയാന രോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്യുന്നത് വളരെ നിർണ്ണായകമാണ്. കുട്ടിയുടെ ആരോഗ്യത്തിൽ കുഴപ്പമുണ്ടെന്നോ, ഭക്ഷണത്തിന്റെ പേരിൽ അമിതമായ ഭയം ഉണ്ടെന്നോ തോന്നിയാൽ, രക്ഷിതാക്കൾ പീഡിയാട്രിഷനെ സമീപിക്കണം.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ കുട്ടിക്ക് മനശാസ്ത്ര വിദഗ്ദ്ധരുടെയും, ഡയറ്റീഷ്യൻമാരുടെയും, ഭക്ഷണ ചികിത്സ വിദഗ്ദ്ധരുടെയും സഹായം ലഭ്യമാക്കണം.കുട്ടികളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമായതും അവരുടെ സാമൂഹിക ജീവിതത്തെ പോലും ബാധിക്കുന്നതുമാണ്. എന്നാൽ, രക്ഷിതാക്കളുടെ ജാഗ്രതയും ആരോഗ്യവിദഗ്ധരുടെ സഹായവും വഴി ഇത് നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ പ്രാഥമിക ബാധ്യതയാണ്!