നിലത്തെ ടൈൽ വൃത്തിയാക്കാൻ ഇനി പാടുപെടേണ്ട; ഇതാ എളുപ്പവഴികൾ
അകത്തളങ്ങളെ ഭംഗിയാക്കുന്നതിൽ പെയിന്റുകളെ പോലെ നിലത്തെ ടൈലുകൾക്കും വലിയ പങ്കുണ്ട്. ടൈലുകളിലെ നിറം മങ്ങിയാൽ വീടിനുള്ളിലും മങ്ങൽ അനുഭവപ്പെടും. അതുകൊണ്ട് തന്നെ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ട ഒന്നാണ് നിലത്തെ ടൈലുകൾ. എന്നും ഫ്ലോർ വൃത്തിയാക്കുന്നത് സാധ്യമായ കാര്യമല്ല. അതിനാൽ തന്നെ കറകളും അഴുക്കും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്. പലതരത്തിലുള്ള ക്ലീനറുകളാണ് നമ്മൾ ടൈൽ വൃത്തിയാക്കാൻ തെരഞ്ഞെടുക്കുന്നത്. കൂടുതലും കെമിക്കലുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ നിരന്തരമായി കെമിക്കൽ ഉപയോഗിച്ച് വൃത്തിയാക്കിയാൽ ടൈലിന്റെ ഗുണമേന്മ നഷ്ടപ്പെടുകയും മങ്ങൽ ഉണ്ടാക്കുകയും ചെയ്യുന്നു. നിലത്തെ ടൈൽ വൃത്തിയാക്കാൻ ഈ രീതിയിൽ ചെയ്ത് നോക്കൂ.
1. ടൈലിൽ കറയോ പാടോ ഉണ്ടായാൽ ഉടൻ തന്നെ അത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അധിക നേരം കറകൾ പറ്റിപ്പിടിച്ചിരിക്കുന്നത് പിന്നീട് വൃത്തിയാക്കുന്നത് പ്രയാസമാക്കും.
2. ടൈലുകൾ പതിവായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങൾ ഉള്ളതുകൊണ്ട് തന്നെ എന്നും വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം.
3. ടൈലിന് കേടുപാടുകൾ ഉണ്ടാക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൃദുവായ തുണിയോ ബ്രഷോ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
4. ക്ലീനർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഫ്ലോറിന് ചേരുന്നവ തെരഞ്ഞെടുക്കണം. ഓരോ ക്ലീനറിലും വ്യത്യസ്തമായ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വീര്യം കുറഞ്ഞ ക്ലീനറുകൾ തെരഞ്ഞെടുക്കാം.
5. വൃത്തിയാക്കുമ്പോൾ ടൈലിന്റെ ഓരോ വിടവും കഴുകാൻ ശ്രദ്ധിക്കണം. ഗ്രൗട്ട് ലൈനുകളിൽ അഴുക്കും പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങൾകൂടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
6. ചൂട് വെള്ളം ഉപയോഗിച്ചും നിലം വൃത്തിയാക്കാൻ സാധിക്കും. ഇത് ടൈലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളേയും അഴുക്കിനേയും വേഗത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
7. വിനാഗിരി ഉപയോഗിച്ചും നിലം തുടച്ച് വൃത്തിയാക്കാൻ സാധിക്കും. വിനാഗിരി വെള്ളത്തിൽ ചേർത്ത് തുടച്ചെടുക്കാവുന്നതാണ്. എന്നാൽ മാർബിൾ പോലുള്ള ഫ്ലോറിൽ വിനാഗിരി ഉപയോഗിക്കാൻ പാടില്ല.
8. ബേക്കിംഗ് സോഡ ഉപയോഗിച്ച് ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയ ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
9. നിലം വൃത്തിയാക്കിയതിന് ശേഷം ഫ്ലോറിൽ എവിടെയും വെള്ളം അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വെള്ളം ഉപയോഗിച്ച് കഴുകിയതിന് ശേഷം വൃത്തിയുള്ള തുണികൊണ്ട് തുടച്ചെടുക്കണം.