‘ജയിലറിനെക്കുറിച്ച് മമ്മൂട്ടി സാര്‍ പറഞ്ഞത്’; ഓര്‍മ്മ പങ്കുവച്ച് ജീവ

വിവിധ ഭാഷാ സിനിമകളിലെ താരങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന സൗഹൃദം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അത്തരം അനുഭവങ്ങള്‍ അഭിമുഖങ്ങളിലും മറ്റും പറയുന്നത് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോഴിതാ ജയിലര്‍ സിനിമയെക്കുറിച്ച് മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകള്‍ തമിഴ് നടന്‍ ജീവ ഒരു അഭിമുഖത്തില്‍ പറഞ്ഞതും സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. 

തെലുങ്ക് ചിത്രം യാത്ര 2 ല്‍ അച്ഛനും മകനുമായാണ് മമ്മൂട്ടിയും ജീവയും അഭിനയിച്ചത്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി യൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയപ്പോള്‍ മകന്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ആയാണ് ജീവ എത്തിയത്. യാത്ര 2 ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കവെയാണ് ജയിലറിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ജീവ പങ്കുവെച്ചത്. 

“രജനി പടം ജയിലര്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്താണ് സിനിമ റിലീസ് ആയത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടെന്ന് മമ്മൂട്ടി സാര്‍ പറഞ്ഞു. രജനി സാര്‍ ഇത്തരം സിനിമകളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു പത്ത് പേരെ അടിക്കുന്നതിനേക്കാള്‍ നല്ലത് കണ്ണ് കാണിക്കുമ്പോള്‍ ഒരു ബോംബ് വന്ന് വീഴുന്നതാണ്. നെല്‍സണ്‍ നന്നായി പണി എടുത്തിരിക്കുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരാള്‍ ഇത്തരത്തില്‍ നല്ല വാക്കുകള്‍ പറഞ്ഞത് വലിയ കാര്യമായി എനിക്ക് തോന്നി”, ജീവ പറയുന്നു.

അതേസമയം മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ ഒരു വേഷത്തിനായി ലിജോ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ കഥാപാത്രത്തിന്‍റെ അപ്പിയറന്‍സ് ഇഷ്ടപ്പെടാത്തതിനാല്‍ ഓഫര്‍ നിരസിച്ചുവെന്നും ഇതേ അഭിമുഖത്തില്‍ ജീവ പറയുന്നുണ്ട്. ചമതകന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ് ജീവ പറയുന്നത്. ഡാനിഷ് സേഠ് ആണ് ഈ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചത്. 

ALSO READ : എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം; ‘കനോലി ബാന്‍റ് സെറ്റ്’ പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin