പ്രണയത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യം; ഗേ ദമ്പതികളുടെ വിവാഹം, ആടിയും പാടിയും ബന്ധുക്കൾ, മനോഹരമായ വീഡിയോ

സ്വവർ​ഗാനുരാ​ഗികളെയും സ്വവർ​ഗവിവാഹത്തേയും ഇന്നും അം​ഗീകരിക്കാത്ത ആളുകൾ ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും ഉണ്ട്. ഇന്ത്യയിലും അത് അങ്ങനെ തന്നെ. 2018 -ലാണ് ഇന്ത്യയിൽ സ്വവർ​ഗാനുരാ​ഗം കുറ്റമല്ല എന്ന് കാണിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാൽ പോലും, ഇന്നും സ്വവർ​ഗാനുരാ​ഗികളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പോലും അത്തരത്തിലുള്ള ഒരുപാട് കമന്റുകൾ കാണാം. എന്തായാലും, ഇതിനിടയിൽ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

സ്വവർ​ഗാനുരാ​ഗികളായ രണ്ട് യുവാക്കളുടെ വിവാഹത്തിന്റെ ആഘോഷങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ മനോഹരമായ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് aka_naach എന്ന യൂസറാണ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ​ഗേ വിവാഹത്തിൽ പങ്കെടുക്കുന്നത് എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. 

വിവാഹാഘോഷങ്ങളുടെ ഭാ​ഗമായിട്ടുള്ള ‌ഘോഷയാത്രയാണ് വീഡിയോയിൽ കാണുന്നത്. സാധാരണ വരനെയാണ് ഇങ്ങനെ ആഘോഷപൂർവം വിവാഹവേദിയിൽ എത്തിക്കാറ്. എന്നാൽ, ഇവിടെ രണ്ടുപേരും ഘോഷയാത്രയായി ആഘോഷപൂർവം എത്തുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. 

എന്നാൽ, ഈ വിവാഹത്തിലെ ഏറ്റവും മനോഹരമായ കാഴ്ച അത് മാത്രമല്ല. ആ വിവാഹത്തിൽ പങ്കെടുത്ത അതിഥികളുടെ ആഘോഷം കൂടിയാണ്. അതിൽ പ്രായഭേദമൊന്നുമില്ല. എല്ലാ പ്രായത്തിലുള്ളവരും ആടുകയും പാടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്. 

പിന്നീട്, ദമ്പതികളും എത്തുന്നു. ഇരുവരും സ്നേഹത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അം​ഗീകാരത്തിന്റെ അതിമനോഹരമായ നിമിഷങ്ങൾ എന്നേ ഈ വീഡിയോ കാണുമ്പോൾ പറയാൻ തോന്നൂ. വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്. അതിൽ ചിലർ തങ്ങളുടെ സ്നേഹമറിയിച്ചപ്പോൾ അവിടെയും വിദ്വേഷ കമന്റുകൾക്ക് കുറവൊന്നും ഇല്ല. 

‘സ്വീഡനിൽ ജീവിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇന്ത്യയാണ് കൂടുതൽ സൗകര്യപ്രദം’; വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin