പത്തനംതിട്ട: വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ വാദം. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു.
എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കൽ രേഖകൾ പി.സി ജോർജ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *