രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞത് 2 ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധിച്ചു, കപ്പലുകളിൽ നിന്ന് വീണതെന്ന് നിഗമനം
തിരുവനന്തപുരം: തുമ്പ ആറാട്ടുവഴി കടപ്പുറത്ത് ജീവൻ രക്ഷാ ഉപകരണങ്ങളുമായി ബാഗുകൾ (റാഫ്റ്റ്) കരയ്ക്കടിഞ്ഞു. വിവിധ സുരക്ഷാ ഏജൻസികൾ എത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. കപ്പലുകളിലെ രക്ഷാബാഗുകളും വാട്ടർ ഡിങ്കിയും പ്രതിരോധ വസ്ത്രങ്ങൾ, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നുകൾ, ടോർച്ച്, വിറ്റാമിൻ ബിസ്ക്കറ്റ് തുടങ്ങിയവയാണ് തീരത്തടിഞ്ഞ ബാഗിലുണ്ടായിരുന്നത്.
വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ് എത്തി ഈ വസ്തുക്കൾ പരിശോധനയ്ക്കായി വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. അന്താരാഷ്ട്ര കപ്പൽ ചാൽ കേരള തീരത്തിനടുത്ത് കൂടി കടന്നുപോകുന്നതിനാൽ കപ്പലുകളിൽ നിന്നും വീണതോ , ഉപേക്ഷിച്ചതോ ആയിരിക്കാമെന്നാണ് വിഴിഞ്ഞം പൊലീസിന്‍റെ നിഗമനം.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തുമ്പ ആറാട്ടു വഴി കടപ്പുറത്ത് രണ്ട് ബാഗുകൾ കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികൾ ഇവ കരയ്ക്കടുപ്പിച്ചു. തുടർന്ന് കഴക്കൂട്ടം പൊലീസിനെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെയും വിവരമറിയിച്ചു. ബാഗുകൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് കൈമാറിയത്. കോസ്റ്റു ഗാർഡ്, ഐ.ബി എന്നിവരും പരിശോധിച്ചു.