2025 റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണത്തിൽ

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള മോഡലായ കിഗർ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ആദ്യമായി പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തി. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ മോഡൽ റോഡുകളിൽ എത്താൻ സാധ്യതയുണ്ട്. പരീക്ഷണയോട്ടത്തിൽ ഉപയോഗിച്ച വാഹനം അതിന്റെ ഡിസൈൻ വിശദാംശങ്ങൾ ഭൂരിഭാഗവും മറച്ചുവെച്ചിരുന്നു. 2025 റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റിൽ മുൻവശത്ത് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ പരിഷ്‌ക്കരിച്ച ബമ്പറും പുതിയ റെനോ ലോഗോയും ഉൾപ്പെടുന്നു. നിലവിലെ മോഡലിലിലെ അതേ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, സി ആകൃതിയിലുള്ള ടെയിൽലാമ്പുകൾ തുടങ്ങിയവ ടെസ്റ്റ് വാഹനം സ്പൈ ചിത്രങ്ങളിൽ കാണാം.

2025 റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ മെച്ചപ്പെട്ട മെറ്റീരിയൽ ഗുണനിലവാരവും പുതിയ അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‍തേക്കും. എസ്‌യുവിയെ നിരവധി പുതിയ സവിശേഷതകളാൽ സജ്ജീകരിക്കാനും സാധ്യതയുണ്ട്. നിലവിലെ മോഡലിന്റെ സ്റ്റാൻഡേർഡ് ഫീച്ചർ കിറ്റിൽ 3.5 ഇഞ്ച് എൽസിഡി എംഐഡി ഡിസ്‌പ്ലേ, മുന്നിലും പിന്നിലും 12 വി പവർ ഔട്ട്‌ലെറ്റ്, ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, മടക്കാവുന്ന പിൻ സീറ്റുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, ഹീറ്ററുള്ള മാനുവൽ എസി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

ഏറ്റവും ഉയർന്ന പതിപ്പായ RXZ ട്രിമ്മിൽ നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും ഉള്ള അർക്കാമിസ് ഓഡിയോ സിസ്റ്റം, ഓഡിയോ നിയന്ത്രണങ്ങളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ആംബിയന്റ് ലൈറ്റുകൾ, PM2.5 എയർ ഫിൽട്ടർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആന്റി-പിഞ്ച് ഉള്ള ഡ്രൈവർ സൈഡ് വിൻഡോ ഓട്ടോ അപ്/ഡൗൺ, പവർ ഫോൾഡിംഗ് ഓആർവിഎമ്മുകൾ, കോൺഫിഗർ ചെയ്യാവുന്ന ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ള ഡ്രൈവ് മോഡുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പിൻ ഡീഫോഗർ എന്നിവ ഉൾപ്പെടുന്നു.

അതേസമയം പുതിയ കിഗറിന്‍റെ എഞ്ചിനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2025 റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്ന് പവർ നേടുന്നത് തുടരും, ഇത് 72 bhp കരുത്തും 96 Nm ടോർക്കും നൽകുന്നു. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും നിലവിലെ മോഡലിലേതു തന്നെ തുടരും. ഈ എഞ്ചിൻ പരമാവധി 100 bhp കരുത്തും 160 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും ഉൾപ്പെടും.

By admin