കോട്ടയം: കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി കെ.ബി . ഗണേഷ് കുമാർ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   

ഒട്ടേറെ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങും. പെൻഷനും കൃത്യമായി നൽകും.  സാധാരണക്കാർക്കും എയർ കണ്ടീഷൻ ബസ്സിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി ഏതാനും  സ്വിഫ്റ്റ് ബസുകൾ വലിയ ചാർജ് വർദ്ധന ഇല്ലാതെ എ.സി. ആക്കും. കേരളത്തിൻ്റെ  യാത്രാ സംസ്കാരം തന്നെ മാറാൻ ഇത് കാരണമാകും. 

വൈകാതെ തന്നെ ചലോ ആപ്പ് സംവിധാനം കൊണ്ടുവരും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മാത്രമല്ല, ബസ് എവിടെയെത്തി, സീറ്റ് ഒഴിവുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പിൽ നോക്കി മനസ്സിലാക്കാൻ കഴിയും. സീറ്റ് ഉണ്ടെങ്കിൽ ബസ് പുറപ്പെട്ടു കഴിഞ്ഞും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ് ഈ ആപ്പ്. ഡെബിറ്റ് കാർഡ് വഴിയും യു.പി.ഐ. സംവിധാനം വഴിയും പണമടയ്ക്കാം. റീചാർജ് ചെയത് ഉപയോഗിക്കാവുന്ന കെ.എസ്.ആർ.ടി.സി. കാർഡുകളും വീണ്ടും കൊണ്ടുവരും. 
വ്യാപാരസ്ഥാപനങ്ങൾ വഴി വിൽക്കുന്ന ഇവ അവിടെനിന്ന് വാങ്ങി ചാർജ് ചെയ്ത് ഉപയോഗിക്കാം. വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം കാർഡുകൾ ഇറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പുതിയ ബസ് വാങ്ങുമ്പോൾ പഴയ ബസ് താഴേ തട്ടിലുള്ള സർവീസുകൾ ആക്കി മാറ്റുന്ന രീതിയും നിർത്തുകയാണ്. ഇനി ഓർഡിനറി ബസുകൾ മുതൽ എല്ലാം പുതിയതായി വാങ്ങും.

കൃത്യസമയത്ത് മുടങ്ങാതെ സർവീസുകൾ നടത്താൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 7.05 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. 905 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് കെട്ടിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ഉൾപ്പെടെ ഉണ്ടാകും.

ജോബ് മൈക്കിൾ എം.എൽ.എ.  അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ,കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ (പ്രോജക്ട് ആൻഡ് സിവിൽ വർക്കേഴ്സ്) പി.എം. ഷറഫ് മുഹമ്മദ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ ചെയർമാൻ സണ്ണി തോമസ്.
 രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, അഡ്വ. കെ. മാധവൻ പിള്ള,  മാത്യൂസ് ജോർജ്, തോമസ് സെബാസ്റ്റ്യൻ, കെ.എസ്. സോമനാഥ്, നവാസ് ചുടുകാട്, പി.ആർ. ഗോപാലകൃഷ്ണപിള്ള, മൻസൂർ പൊതുവീട് ,കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.എസ്. ശ്രീരാജ്, ഡിപിൻ ഡി. ദിനേശ്, ജി. അരുൺകുമാർ, കെ. പി. രാജേഷ്, ആർ. എബി, എ. ടി. ഒ. എസ്. രമേശ് എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *