ലഖ്നൗ: മഹാകുംഭമേളയുടെ വൻ വിജയത്തിന് പിന്നാലെ സന്തോഷം പങ്കുവച്ചും ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മഹാ കുംഭമേള മഹാ വിജയമാക്കാൻ അശ്രാന്തം പരിശ്രമിച്ച ശുചീകരണ തൊഴിലാളികളടക്കമുള്ളവർക്കാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വക സന്തോഷ സമ്മാനം എത്തുന്നത്. ഇവർക്ക് മുഖ്യമന്ത്രി യോഗി തന്നെ ബോണസ് പ്രഖ്യാപിച്ചു. പതിനായിരം രൂപയാണ് ബോണസ്. ഇതിനുപുറമെ 16,000 രൂപ കുറഞ്ഞ കൂലിയായി ഏപ്രിൽ മുതൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാകുംഭമേളയുടെ സമാപനം ചരിത്രമാക്കി മാറ്റി ഇന്ത്യൻ വ്യോമസേനയുടെ എയര്‍ ഷോ
ശുചീകരണ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും മിനിമം വേതനം ലഭിക്കാത്ത മറ്റ് തൊഴിലാളികൾക്കും 16000 രൂപ നിശ്ചിത ഓണറേറിയം നൽകുമെന്നാണ് യോഗി സർക്കാർ വ്യക്തമാക്കിയത്. ശുചീകരണ തൊഴിലാളികൾക്ക് ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ നൽകുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. ആയുഷ്മാൻ ഭാരത് അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ജൻ ആരോഗ്യ യോജന വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസിൻ്റെ ആനുകൂല്യം എല്ലാ ശുചിത്വ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുമെന്നും വിശദീകരിച്ചിട്ടുണ്ട്.
നിശ്ചയദാർഢ്യവും ശരിയായ പിന്തുണയും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ബോണസും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് മഹാ കുംഭമേള സമാപിച്ചത്. ഇതിന് പിന്നാലെ മഹാ കുംഭമേളയുടെ മഹാ വിജയമാഘോഷിക്കാൻ പ്രയാഗ് രാജിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ത്രിവേണി സംഗമത്തിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ അടക്കം പങ്കെടുത്ത ഈ ചടങ്ങിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കാൻ തീരുമാനിച്ചത്. അവർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഭക്ഷണം കഴിക്കുകയും ചെയ്തു.
ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ മഹാകുംഭമേളയിൽ സ്നാനം നടത്തി എന്ന് യു പി മുഖ്യമന്ത്രി വിവരിത്തു. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നാണ് യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്നും യോഗി കൂട്ടിച്ചേർത്തു.