തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന:സംഘടനാ ചർച്ചകൾ സജീവമായതോടെ പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുങ്ങി. നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ കൂടി ശക്തമായതോടെ പദവിക്ക് വേണ്ടി ഒന്നലധികം നേതാക്കൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.
ചിലർ ഹൈക്കമാന്റിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും ഡി.സി.സി അദ്ധ്യക്ഷ പദവിയിലും കണ്ണുനട്ട് ചിലർ രംഗത്തുണ്ടെങ്കിലും മാറ്റമുണ്ടെങ്കിൽ യുവപ്രാതിനിധ്യം ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരൻ മാറിയാൽ അടൂർ പ്രകാശ്, റോജി.എം. ജോൺ, സണ്ണിജോസഫ് എന്നിവരെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഇവർക്ക് പുറമേ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവരും രംഗത്തുണ്ടെന്നും അവർ ഡൽഹിയിലെ ചില മുതിർന്ന നേതാക്കളെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
നിലവിൽ അടൂർ പ്രകാശ് കഴിഞ്ഞയിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാന്റ് ആവശ്യപ്പെട്ടതിനനുസരിച്ചായിരുന്നല്ല കൂടിക്കാഴ്ച്ച.

തന്നെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ എസ്എൻഡിപിയും വെള്ളാപ്പള്ളി നടേശനും പിന്തുണയ്ക്കും എന്നറിയിക്കാൻ വേണ്ടിയായിരുന്നു അടൂർ പ്രകാശിന്റെ കൂടിക്കാഴ്ച.

പക്ഷേ രാഹുൽ അന്വേഷിച്ചപ്പോൾ കേരളത്തിൽ പിണറായി വിജയനെയും എൽഡിഎഫിനേയും അധികാരത്തിൽ കൊണ്ടുവരാൻ മിനക്കെട്ട് നടക്കുന്ന ആളാണ് വെള്ളാപ്പള്ളി എന്ന് ബോധ്യമായി. ആ പിന്തുണകൊണ്ട് എന്ത് കാര്യം എന്നാണ് അതോടെ രാഹുൽ ഉയർത്തിയ ചോദ്യം.

എന്നാൽ ബെന്നി ബെഹനാന്റെ കാര്യത്തിൽ ഹൈക്കമാന്റിനും കേരളത്തിലെ നേതാക്കൾക്കും യു.ഡി.എഫിലെ കക്ഷികൾക്കും താൽപര്യമില്ല.

സാമുദായിക സമവാക്യമനുസരിച്ച് യാക്കോബായ വിഭാഗത്തിൽ പെടുന്ന അദ്ദേഹത്തിനെ അദ്ധ്യക്ഷനാക്കിയാൽ സംസ്ഥാനത്തെ ഏതാണ്ട് 20 മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമുള്ള ഓർത്തഡോക്‌സ് വിഭാഗം പൂർണ്ണമായും കോൺ്രഗസിനെതിരാവുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞടുപ്പിൽ പത്തനംതിട്ടയിൽ ബെന്നി ബെഹനാൻ പ്രചാരണത്തിനെത്തിയതിൽ സഭയ്ക്കുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇതിന് പുറമേ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് കൂടിയായിരുന്ന അദ്ദേഹത്തിനെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിച്ചാൽ സംസ്ഥാനത്ത് വീണ്ടും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുമെന്നും പരാതികളുണ്ട്.
ഇതിനിടെ പദവിക്ക് വേണ്ടി ഐ ഗ്രൂപ്പിന്റെ പിന്തുണ തേടി രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം ആലുവ പാലസിൽ മണിക്കൂറുകളോളം ബെന്നി ചർച്ച നടത്തി.

അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ അൻവർ സാദത്ത് എം.എൽ.എയും പങ്കെടുത്തു. മുഖ്യമന്ത്രി പദവിക്ക് താൻ അർഹനാണെന്ന വാദമുയർത്തുന്ന ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനാകാൻ ബെന്നി ബെഹനാനെ സഹായിക്കാമെന്നതാണ് ഫോർമുലയെന്നും അടക്കം പറച്ചിലുകളുണ്ട്.

എന്നാൽ ബെന്നി ബഹനാനും അടൂർ പ്രകാശനും പ്രധാന വെല്ലുവിളി മുന്നണി വിപുലീകരണ സാധ്യതകളിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ചാണ്. യുഡിഎഫിൽ കേരള കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുക്കളാണ് രമേശ് ചെന്നിത്തലയും ബെന്നി ബഹനാനും അടൂർ പ്രകാശും. 
അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവാണ് കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ്. ഇവർ മൂന്നുപേരും കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ നടന്ന ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഇന്നും കേരള കോൺഗ്രസ് എം വിഭാഗം സംശയിക്കുന്നത്.

ഈഴവ വിഭാഗത്തെ മുൻനിർത്തി കൊണ്ടുവരുന്ന അടൂർ പ്രകാശിന് പ്രസിഡന്റ് പദവി നൽകിയാൽ തുടർച്ചയായി നാലാം തവണയും ഈഴവ വിഭാഗത്തിന് പ്രസിഡന്റ് പദവി കൊടുക്കുന്നതിലുള്ള അനൗചിത്യവും ചുണ്ടിക്കാട്ടപ്പെടുന്നു. 

നിലവിൽ കോൺഗ്രസിന്റെ എക്കാലത്തെയും വോട്ട് ബാങ്കായ സീറോ മലബാർ സഭയ്ക്ക് നിർണായക പ്രാതിനിധ്യം കൊടുക്കണമെന്നും പാർട്ടിയിലെ മറ്റ് ചില താക്കോൽ സ്ഥാനങ്ങളിലും ഭരണത്തിലേറിയാൽ ചില പ്രധാന വകുപ്പുകളും ഈഴവ വിഭാഗത്തിന് നൽകണമെന്നുമാണ് മറുവാദമുള്ളത്.

ഈഴവരടക്കമുള്ള മുഴുവൻ പിന്നാക്ക വിഭാഗങ്ങളെയും പാർട്ടിയോട് അടുപ്പിക്കണമെന്നും അതിന് പ്രാതിനിധ്യ സ്വഭാവവും പ്രവർത്തനമികവും അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തലുണ്ട്.
മുമ്പ് 32-ാമത്തെ വയസിൽ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ എ.കെ ആന്റണി എത്തിയിട്ട് പാർട്ടിയിൽ ഭൂകമ്പം ഉണ്ടായില്ലെന്ന് മാത്രമല്ല മികച്ച മുന്നേറ്റം നടത്താനും കഴിഞ്ഞു.

37-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തിപ്പെട്ട ആന്റണി ഇനിയെങ്കിലും യുവപ്രാതിനിധ്യത്തിനായി ശബ്ദമുയർത്തണമെന്നും പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്.

70 പിന്നിട്ടവർ പാർട്ടിക്ക് മുതൽക്കൂട്ടാണെന്നും അവരെ ഉപദേശകസമിതിയിൽ നിലനിർത്തി യുവാക്കൾക്ക് കുടുതൽ അവസരങ്ങൾ പാർട്ടി നൽകണമെന്നുമാണ് ഭൂരിഭാഗം പ്രവർത്തകരുടെയും താഴേത്തട്ടിലെ നേതാക്കളുടെയും പ്രധാന ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *