തിരുവനന്തപുരം: കേരളമാകെ നടത്തിയ 1000കോടിയുടെ പകുതിവില തട്ടിപ്പു കേസില്‍ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ രക്ഷിക്കാന്‍ നാണംകെട്ട കളിയുമായി പോലീസ്. ആന്‍ന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് 3തവണയും നല്‍കാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് നാലിലേക്ക് മാറ്റി. നാലാം തവണയാണ് കേസ് മാറ്റുന്നത്. കണ്ണൂര്‍ പൊലീസ് 3തവണയും റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്നതിനാലാണ് കേസ് മാറ്റിയത്.
ഇത് നാലാം തവണയാണ് പൊലീസിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ 13ന് ഹാജരാക്കാനായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. അന്ന് ഹാജരാക്കാത്തതിനാല്‍ 18ലേക്ക് മാറ്റുകയായിരുന്നു. അന്നും ഹാജരാക്കാത്തതിനാല്‍ 27ലേക്ക് മാറ്റി.
കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്.പിയെ എതിര്‍കക്ഷിയാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കേസ്. ആനന്ദകുമാര്‍ രണ്ടാംപ്രതിയാണ്. അനന്തുകൃഷ്ണനാണ് ഒന്നാംപ്രതി. 7പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സീഡ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെന്നാണ് പരാതി. ഡോ. ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരെയും പ്രതികളാക്കി.
1000കോടിയുടെ വമ്പന്‍ തട്ടിപ്പിലെ മുഖ്യപ്രതി ആനന്ദകുമാറിന് സംരക്ഷണമൊരുക്കുകയാണ് പോലീസ്. ആനന്ദകുമാര്‍ കോടതിയിലെത്തും മുന്‍പേ, അദ്ദേഹത്തിനെതിരേ നിരവധി പരാതികള്‍ വിവിധ ജില്ലകളില്‍ നിന്നുണ്ടായി. പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും തയ്യല്‍ മെഷീനും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പരാതി. എന്നിട്ടും ആനന്ദകുമാറിനെ പ്രതിയാക്കാന്‍ വൈകി. മുഖ്യപ്രതി അനന്ദുകൃഷ്ണനെ അറസ്റ്റ് ചെയ്ത് കേസൊതുക്കാനായിരുന്നു നീക്കം.
എന്നാല്‍ പരാതിക്കാര്‍ ഏറിയതോടെ സര്‍ക്കാരിന് ആനന്ദകുമാറിനെ പ്രതിയാക്കാതെ തരമില്ലെന്നായി. എന്നിട്ടും അറസ്റ്റ് വൈകിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാന്‍ അവസരം ഒരുക്കുകയാണ് പോലീസ്. ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറിയെങ്കിലും ആനന്ദകുമാറിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലുമായിട്ടില്ല.
തട്ടിപ്പ് നടത്തിയ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത ചെയര്‍മാനാണ് ആനന്ദകുമാര്‍. സംസ്ഥാനത്തെ 1,800-ല്‍ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്. 18,000-ഓളം പേര്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. പാതിവില സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ വിവിധ സന്നദ്ധസംഘടനകളെ ഏകോപിച്ചതും പദ്ധതിയില്‍ ജനങ്ങളെ വിശ്വസിപ്പിച്ചതും ആനന്ദകുമാറാണ്.
പകുതി വിലയെന്ന് കേട്ട് സംശയിച്ചവരെപ്പോലും ഇദ്ദേഹം വിശ്വസിപ്പിച്ചു. ”അനന്തു സഹായ മനഃസ്ഥിതിയുള്ള മിടുക്കനാണ്. അഥവാ പണം നഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ തരും” – എന്ന് ആനന്ദകുമാര്‍ ഉറപ്പുനല്‍കിയിരുന്നതായി പരാതിക്കാരില്‍ ചിലര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണന്‍ സന്ദര്‍ശിച്ചത് ആനന്ദകുമാര്‍ വഴിയായിരുന്നു. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ആനന്ദകുമാറിനൊപ്പം അനന്തുകൃഷ്ണന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോഡിനേറ്റര്‍ എന്ന നിലയിലായിരുന്നു സന്ദര്‍ശനാനുമതി ലഭിച്ചത്.
അനന്തുകൃഷ്ണനെ നേരിട്ട് ആര്‍ക്കും പരിചയമില്ലായിരുന്നു. എന്നാല്‍, ആനന്ദകുമാറിന്റെ സന്നദ്ധസേവന രംഗത്തെ പ്രശസ്തി ജനങ്ങള്‍ വിശ്വസിച്ചു. പല സ്ഥലങ്ങളിലും സ്‌കൂട്ടര്‍ വിതരണത്തില്‍ ആനന്ദകുമാറും പങ്കെടുത്തിരുന്നു. പാതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുമെന്ന് ആനന്ദകുമാര്‍ നേരിട്ട് പലര്‍ക്കും ഉറപ്പു നല്‍കിയിരുന്നതായും പരാതിയുണ്ട്.
ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രൂപവത്കരിക്കപ്പെട്ടത്. അതേസമയം, സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ആനന്ദകുമാര്‍ പറയുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ സാമ്പത്തിക ഉത്തരവാദിത്വം അനന്തുകൃഷ്ണന്റെ കമ്പനിക്കായിരുന്നു. സാമ്പത്തികകാര്യങ്ങളില്‍ സുതാര്യതയുണ്ടായിരുന്നില്ല. പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ എന്ന ആശയം അനന്തുകൃഷ്ണന്റേതാണ്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ രാജിവെച്ചു- അദ്ദേഹം വ്യക്തമാക്കി.
പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണത്തിന് ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് പോലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കി. ഈ കത്ത് പുറത്തുവന്നിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദീയാത്ര നടത്താന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നു. ഈ നദീയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം.
ആനന്ദകുമാര്‍ ഓഫീസും വീടും പൂട്ടി ഒഴിവിലാണ്. അതേസമയം താന്‍ ഒളിവിലല്ലെന്നും അസുഖബാധിതനായി ആശുപത്രിയിലാണെന്നുമാണ് ആനന്ദകുമാര്‍ പറയുന്നത്. അനന്തുകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ലെന്ന് മനസ്സിലായപ്പോള്‍, നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനില്‍നിന്ന് മാസങ്ങള്‍ക്കുമുന്‍പ് രാജിവെച്ചിരുന്നതായി ആനന്ദകുമാര്‍ അറിയിച്ചിരുന്നു. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്നാണ് അനന്തുകൃഷ്ണന്റെ മൊഴി.